മുസ്ലീംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയ്ക്കും അയവില്ല. തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്നും യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി മുസ്ലീം ലീഗ് അംഗങ്ങൾ വിട്ടുനിന്നതും ഇതാണ് തെളിയിക്കുന്നത്. ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും അംഗങ്ങൾക്ക് പുറമെ ലീഗിന്റെയും അംഗങ്ങൾ വിട്ടുനിതോടെയാണ് ക്വാറം തികയാത്തതിനാൽ വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളിയത്. കൈക്കൂലിക്കേസിൽപ്പെട്ട മുൻ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചതിന് പിന്നാലെ ആഗസ്റ്റ് എട്ടിനാണ് വൈസ് ചെയർപേഴ്സൺ ജെസി ആന്റണിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അവിശ്വാസത്തിന് പിന്തുണയില്ല
നിലവിൽ 34 അംഗങ്ങളുള്ള കൗൺസിലിൽ അവിശ്വാസം ചർച്ച ചെയ്യണമെങ്കിൽ 18 അംഗങ്ങളുടെ പിന്തുണ വേണം. 13 അംഗങ്ങളുള്ള യു.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമായിരുന്നു ഇത് സാദ്ധ്യമാകുക. എന്നാൽ വ്യാഴാഴ്ച രാവിലെ വാരണാധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിലെത്തിയത് ആകെ എട്ട് പേർ മാത്രമാണ്. ആറ് കോൺഗ്രസ് അംഗങ്ങളെ കൂടാതെ കേരള കോൺഗ്രസ് അംഗം ജോസഫ് ജോണും അടുത്തിടെ പെട്ടേനാട് വാർഡിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലീംലീഗ് സ്വതന്ത്രനും മാത്രമാണ് ഹാജരായത്. സ്വതന്ത്ര നിലപാടെടുത്ത മുൻ ചെയർമാൻ സനീഷ് ജോർജ്ജും ഹാജരായില്ല. ഇതോടെ അവിശ്വാസപ്രമേയം തള്ളിയതായി വാരണാധികാരി അറിയിക്കുകയായിരുന്നു.
ആഗസ്റ്റ് 12ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം കൈവിട്ടുപോകാനിടയാക്കിയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് ഭരണം ലഭിച്ചു. തുടർന്ന് ദിവസങ്ങളോളം ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്‌പോര് തുടർന്നു. യു.ഡി.എഫുമായി സഹകരിക്കില്ലെന്നും ലീഗ് വ്യക്തമായിരുന്നു. എന്നാൽ വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുമെന്നായിരുന്നു അവസാനം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ കോൺഗ്രസുമായുള്ള പടലപ്പിണക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലീഗിന്റെ വിട്ടുനിൽക്കലിൽ നിന്ന് വ്യക്തമാകുന്നത്. പ്രശ്ന പരിഹാരത്തിന് യു.ഡി.എഫ് സംസ്ഥാനതലത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആരോപണ പ്രത്യാരോപണങ്ങൾക്കും കുറവില്ല
കോൺഗ്രസ്- ലീഗ് പാർട്ടികളുടെ നേതാക്കൾക്കിടയിൽ ഇപ്പോഴും വാക്‌പോര് തുടരുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ അണികളും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ്. തങ്ങളെ പരസ്യമായി അവഹേളിക്കുകയും അക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെ മാറ്റാതെ യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. കോൺഗ്രസിന്റെ വഞ്ചന തിരിച്ചറിഞ്ഞതോടെയാണ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. എന്നാൽ ലീഗിന് ഇടതുമുന്നണിയുമായി യാതൊരു ധാരണയുമില്ല. യു.ഡി.എഫ് എന്ന പൊതുവികാരത്തിനൊപ്പം ജില്ലയിൽ മുസ്ലീംലീഗ് ഉറച്ചുനിൽക്കും. അഞ്ച് പതിറ്റാണ്ടായി നിലനിൽക്കുന്ന കോൺഗ്രസ് ലീഗ് ബന്ധം പൊക്കിൾകൊടി ബന്ധത്തിന് സമാനമാണ്. ചിലരുടെ വിവരക്കേടുകൊണ്ട് അത് തകർക്കാനാവില്ല. പി.ടി. തോമസിനെ പോലുള്ള നേതാക്കളുടെ മഹത്വം ഇപ്പോഴാണ് വെളിവാകുന്നത്. ലീഗിനെതിരെ സി.പി. മാത്യു നടത്തിയ ഉമ്മാക്കി വർത്തമാനങ്ങൾ ചെയർമാൻ തിരഞ്ഞെടുപ്പിൽ ആസൂത്രണം ചെയ്ത പദ്ധതി പാളിപ്പോയതിലുണ്ടായ വിഭ്രാന്തിയുടെ ജൽപനങ്ങളാണ്. കോൺഗ്രസ് നേതൃത്വം ഡി.സി.സി പ്രസിഡന്റിന് വിശ്രമം നിർദേശിക്കണം. നഗരസഭ ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റിന്റെ ഭാര്യയ്ക്ക് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലീഗ് സീറ്റ് വിട്ടു നൽകിയില്ല. ഇതിലുള്ള വൈരാഗ്യമാണ് പ്രകോപനകരമായ നടപടികളിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് കരുതുന്നത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ലീഗ് കൗൺസിലർമാർ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ തങ്ങളോട് കാണിച്ചത് തെറ്റായിപ്പോയെന്ന് കോൺഗ്രസിന് ബോദ്ധ്യമായി തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിൽ പ്രശ്നപരിഹാരമാകുന്നതു വരെ നിലവിലുള്ള നിസഹകരണം തുടരുമെന്നും ലീഗ് നേതാക്കൾ പറയുന്നു.
ലീഗിന് വിമർശനം
ഇടുക്കി ജില്ലയിൽ യു.ഡി.എഫുമായുള്ള സഹകരണം തത്കാലം അവസാനിപ്പിച്ചെന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വിമർശിച്ചത്. ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി മുസ്ലീംലീഗ് തൊടുപുഴയിലെ ജനാധിപത്യ വിശ്വാസികളെ പേടിപ്പിക്കരുതെന്ന് മാത്യു പറഞ്ഞു. സി.പി.എമ്മും ലീഗും നടത്തുന്നത് കൂട്ടുകച്ചവടമാണ് . മൂന്നുമാസം വിദേശത്തായിരുന്ന മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷൂക്കൂർ എൽ.ഡി.എഫുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് ചെയർമാൻ തിരഞ്ഞെടുപ്പിന് തലേന്ന് നാട്ടിലെത്തിയത്. ലീഗിന്റെ ഭീഷണിയൊന്നും കോൺഗ്രസിനോട് വേണ്ട. അടുത്ത തവണ ലീഗ് സ്വതന്ത്രമായി മത്സരിച്ച് വിജയിക്കട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയാറല്ല. വിവരങ്ങൾ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിട്ടുണ്ട്. സൗഹൃദ മത്സരമെന്നത് എൽ.ഡി.എഫിന് വോട്ട് ചെയ്യാനുള്ള അവസരമാക്കി മുസ്ലീം ലീഗ് മാറ്റി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരള കോൺഗ്രസിന് ആദ്യടേമിൽ ഒരു വർഷവും മുസ്ലീം ലീഗിനും കോൺഗ്രസിനും തുടർന്ന് രണ്ടുവർഷം വീതവുമാണ് ചെയർമാൻ പദവി തീരുമാനിച്ചിരുന്നത്. ദൗർഭാഗ്യവശാൽ അന്ന് ഭരണം കൈവിട്ടുപോയി. ആ ധാരണപ്രകാരം ഇപ്പോൾ അവശേഷിക്കുന്ന 16 മാസം കോൺഗ്രസിന് അവകാശപ്പെട്ടതാണ്. അത് ഉൾക്കൊള്ളാൻ മുസ്ലീംലീഗ് നേതാക്കൾക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മുന്നണിയുടെ എല്ലാ കാര്യങ്ങളും ലീഗിന്റെ തലയിലൂടെയാണ് പോകുന്നതെന്ന വിചാരം വങ്കത്തരമാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കോൺഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അനൈക്യം ഇനിയെങ്കിലും പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നാണ് കേരളകോൺഗ്രസ് നിലപാട്. ഇത് പി.ജെ. ജോസഫ് അടക്കമുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കൾ അതിന്റേതായ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുള്ളതെന്നും ഉടൻ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു വരികയാണെന്നും നേതാക്കൾ പറയുന്നു.