തൊടുപുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ദീപപ്രഭയിൽ. ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. നാടിന്റെ നാനാ ഭാഗത്ത് നിന്നും ആയിരങ്ങൾ തിങ്കളാഴ്ച ക്ഷേത്രത്തിലേക്ക് പുലർകാലം മുതൽ ഒഴുകിയെത്തും. അവതാര ദർശനം രാത്രി 12ന്. ഇക്കൊല്ലം ആഘോഷങ്ങൾക്കു പുറമേ മഹാനിവേദ്യ വഴിപാട്, മഹാപ്രസാദഊട്ട് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 2.30ന് നടതുറക്കും. തുടർന്ന് നിർമ്മാല്യദർശനം, പൂജകൾക്ക് ശേഷം 7.30ന് പന്തീരടിപൂജ, തുടർന്ന് ഭഗവാന് മഹാനിവേദ്യസമർപ്പണം. ഒമ്പതോടുകൂടി ഭക്തർക്ക് പ്രസാദവിതരണം ആരംഭിക്കും.11ന് ഉച്ചപൂജ ആരംഭിച്ച് ശീവേലിയോടുകൂടി നട അടയ്ക്കും. തുടർന്ന് മഹാപ്രസാദഊട്ട്. വൈകിട്ട് 4.30ന് നട തുറക്കൽ. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെസ്വീകരിക്കും. രാത്രി 11ന് അവതാരപൂജ. 12ന് തിരുവാഭരണ വിഭൂഷിതനായ ഭഗവാന്റെ അവതാര ദർശനം. മഹാനിവേദ്യം 10 ശാന്തിമാരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയപന്തലിൽ നിർമ്മിച്ച് ഭക്തർക്ക് എത്തിക്കും. ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഖദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ക്ഷേത്രോപദേശകസമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ അറിയിച്ചു.