തൊടുപുഴ: സി.എച്ച്.ആർ (കാർഡമം ഹിൽ റിസർവ്) സംരക്ഷിത വനമാക്കാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.എച്ച്.ആറിൽ ഭൂമിയുടെ നിയന്ത്രണം റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമായിരുന്നു. 2016- 17 ലെ വനം വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് ഏലമലക്കാടുകളെ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതേ സർക്കാരിൽ എം.എം. മണി മന്ത്രിയായിരിക്കെയാണ് ഏലം പട്ടയ ഭൂമിയിൽ ഒരു നിർമ്മാണങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്ന ഉത്തരവിറക്കിയത്. സി.എച്ച്.ആർ പരിധിയിലെ വില്ലേജുകളിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടാതെ വീട് പോലും പണിയാനാകാത്ത സ്ഥിതിയാണ്.
വിവരാവകാശ നിയമപ്രകാരം കളക്ട്രേറ്റിൽ നിന്ന് ലഭിച്ച മറുപടിയിൽ 1897ലെ തിരുവതാംകൂർ സർക്കാർ ഗസറ്റിലും 1987ലെ കേരള സർക്കാർ ഗസറ്റിലും സി.എച്ച്.ആറിലെ ഭൂമിയുടെ അളവ് 15720 ഏക്കറെന്നാണ് പറയുന്നത്. എന്നാൽ ഇടുക്കി എൽ.എ ഡെപ്യൂട്ടി കളക്ടർ 2017 ഓഗസ്റ്റിൽ ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്ടിൽ സി.എച്ച്.ആറിൽ രണ്ട് ലക്ഷം ഏക്കറിന് മുകളിൽ​ ഭൂമിയുണ്ടാകാമെന്നാണ് പറയുന്നത്. വനംമന്ത്രി നിയമസഭയിൽ വച്ച കണക്കിൽ പറയുന്നത് സി.എച്ച്.ആറിൽ 2,10,000 ഏക്കർ റിസർവ് വനമാണെന്നാണ്. ഇതേ കണക്കാണ് സി.എച്ച്.ആർ റിസർവ് വനമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നൽകിയ പരിസ്ഥിതി സംഘടനയ്ക്കുമുള്ളത്. പിണറായി സർക്കാരിനും പരിസ്ഥിതി സംഘടനയ്ക്കും വിഷയത്തിൽ ഒരേ നിലപാടാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സി.എച്ച്.ആർ റിസർവ് വനമാണന്ന് വനംവകുപ്പ് ആവർത്തിക്കുന്നതിന് പിന്നില് ഗൂഢലക്ഷ്യമാണെന്നും ജില്ലയിൽ വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കളായ ബിജോ മാണി,​ ജോൺ നെടിയപാല, ഷിബിലി സാഹിബ് എന്നിവർ പങ്കെടുത്തു.

=സി.എച്ച്.ആറുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സി.എച്ച്.ആറിൽ എത്ര വില്ലേജുകൾ ഉണ്ടെന്ന കൃത്യമായ കണക്ക് പോലും റവന്യൂ വകുപ്പിനില്ല. സി.എച്ച്.ആറുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ വനം, റവന്യൂ വകുപ്പുകൾക്ക് ഒരേ നിലപാടാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് നൽകിയ സ്റ്റേറ്റ്‌മെന്റ് ഒഫ് ഫാക്ട് പരിശോധിച്ചാൽ സർക്കാരിന് കേസിൽ ഇരട്ടത്താപ്പ് സമീപനമാണെന്ന് വ്യകതമാകും.