layam

പീരുമേട്: തോട്ടം മേഖലയിൽ തൊഴിലാളികൾ താമസിക്കുന്ന അപകടകരമായ സാഹചര്യമുള്ള ലയങ്ങളുടെ ലിസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ പീരുമേട് ലേബർ ഓഫീസിൽ ഹാജരാക്കണമെന്ന്‌തോട്ടം ഉടമകളോട് നിർദ്ദേശിച്ചു.
ഇന്നലെ പീരുമേട് ലേബർ ഓഫീസിൽ
തോട്ടം മാനേജ്‌മെന്റ്,തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഇ .ദിനേശൻ
വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.പീരുമേട് താലൂക്കിലെ തോട്ടം മേഖലയിലെ മുഴുവൻ ലയങ്ങൾ ലേബർ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ അടിയന്തിരമായി സന്ദർശിക്കാനും തീരുമാനിച്ചു.മഞ്ജുമലയിലും തേങ്ങാകല്ലിലും ലയം ഇടിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് അടിയന്തരമായി താലൂക്കിലെ മുഴുവൻ തോട്ടം ഉടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ദിനേശൻ വിളിച്ചു ചേർത്തത്.
പീരുമേട് ഡെപ്യൂട്ടിലേബർ ഓഫീസർ എം .എസ് സുരേഷും യോഗത്തിൽ പങ്കെടുത്തു.
തോട്ടം മേഖലയിലെ വിവിധ തൊഴിലാളി യൂണിയനുകളായ സി.ഐ.ടി.യു, എ.ഐ.ടി.യുസി, ഐ.എൻ.ടി.യുസി, ബി.എം.എസ്, എന്നിവയുടെ പ്രതിനിധികളും തോട്ടം മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു

യോഗത്തിൽ പങ്കെടുക്കാത്ത മാനേജ്‌മെന്റുകൾക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ഇവർക്കായി തൊട്ടടുത്ത ദിവസം മറ്റൊരു യോഗവും വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട് .

നിലവിൽ അപകടകരമായ സാഹചര്യത്തിലുള്ള ലയങ്ങളിൽ കഴിയുന്ന കുടുംബങ്ങളെ വസയോഗ്യമായ മറ്റ് ലയങ്ങളിൽ മാറ്റി പാർപ്പിക്കാൻ നിർദ്ദേശിച്ചു. ഇതോടൊപ്പംഅപകടാവസ്ഥയിലായ ലയങ്ങളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കണം.