തൊടുപുഴ: പൊലീസും എക്‌സൈസും തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 5.6 കിലോ കഞ്ചാവ് പിടികൂടി. തൊടുപുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ ഇടവെട്ടി നടയം ഭാഗത്ത് പൈനാപ്പിൾ തോട്ടത്തിനോട് ചേർന്നുള്ള തൊണ്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 3.6 കിലോ കഞ്ചാവ് കണ്ടെത്തി. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തൊടുപുഴ നഗരത്തിൽ പൊലീസ് നടത്തിയ വാഹനപരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. തൊടുപുഴ ആനക്കൂട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശ്രീകുമാറാണ് (44) പിടിയിലായത്. തൊടുപുഴ മങ്ങാട്ടുകവല നാലുവരിപാതയിൽ നടത്തിയ പരിശോധനയ്ക്കിടെ റോഡിൽ പൊലീസ് പരിശോധന കണ്ടതോടെ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ തുടങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഡ്രൈവർ സീറ്റിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കാളിയാർ സി.ഐ. എച്ച്.എൽ. ഹണി, എസ്.ഐ. പി.കെ. സലീം, എസ്.സി.പി.ഒ അബ്ദുൾ ഗഫൂർ, സി.പി.ഒ അമൽ, വനിത സി.പി.ഒ താഹിറ എന്നിവരാണ് പ്രതിയ പിടികൂടിയത്. എക്സൈസ് റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.പി. പ്രവീൺകുമാർ, ഒ.എച്ച്. മൻസൂർ, പ്രിവന്റീവ് ഓഫീസർ പി.കെ. ഷിജു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ടി.എ. സുമീന, ഡ്രൈവർ എ.കെ. വിനോദ് എന്നിവർ പങ്കെടുത്തു.