തൊടുപുഴ: വിവാഹ ചടങ്ങിനെത്തിയവർ വാഹനം പാർക്ക് ചെയ്ത സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ വഴിത്തലയ്ക്ക് സമീപം മാറിക പുത്തൻപള്ളി കവലയിലാണ് സംഭവം. ഊരമന മാന്താനത്തിൽ ബിന്ദു സലിമോന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതാണ് കുടുംബം. സമീപത്തെ ആയുർവേദ ആശുപത്രിക്കടുത്ത് പാർക്ക്കചെയ്ത ശേഷം ഇവർ ഓഡിറ്റോറിയത്തിലേക്ക് പോയി. പിന്നാലെയാണ് കാറിന്റെ മുൻഭാഗത്തുനിന്നും തീ ഉയർന്നത്. നാട്ടുകാർ അറിയിച്ചപ്രകാരം തൊടുപുഴ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിൽ സംഘമെത്തി തീയണച്ചു. കാറിന്റെ മുൻഭാഗം കത്തിനശിച്ചിട്ടുണ്ട്. ബാറ്ററി കണക്ഷൻ ഷോർട്ട് ആയതാകാം കാരണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.