അടിമാലി: മാങ്കുളം പെരുമ്പൻ കുത്തിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. മാങ്കുളം തൊണ്ണൂറ്റാറ് സ്വദേശി വിഷ്ണുവാണ് (23)മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങവെ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.
വിഷ്ണു പുഴയിൽ മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കുകയും സമീപവാസികൾ ഓടിയെത്തുകയും ചെയ്തു. തുടർന്ന് പുഴയിലെ കയത്തിൽ മുങ്ങിയ വിഷ്ണുവിനെ കരക്കെത്തിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൊണ്ണൂറ്റാറ് കടക്കോട്ട് വിജയൻ സോണിയ ദമ്പതികളുടെ മകനാണ് . മനു, മീനു എന്നിവർ സഹോദരങ്ങളാണ്.