കുമളി : ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി 'തസ്ഥിക അനുവദിക്കുമെന്നുള്ള ഭരണ സമിതി തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്കിലെ കളക്ഷൻ ജീവനക്കാർ ഇന്ന് കോട്ടയം റീജിയൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.ഇടുക്കി, കോട്ടയം ജില്ലകളിലെ കളക്ഷൻ ജീവനക്കാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കേരള ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുന്നത്. 2011ൽ സർക്കാർ ഉത്തരവിനെ തുടർന്ന് കളക്ഷൻ ജീവനക്കാർക്ക് തസ്തികാനുവാദവും നിയമ നാനുവാദവും ലഭിച്ചിരുന്നു. ഇത്തരക്കാരെ സ്ഥിര ജീവനക്കാരാക്കുമെന്ന കേരള ബാങ്ക് ഭരണ സമിതി തീരുമാനം നടപ്പിലാക്കുക, രജിസ്ട്രാർ അംഗീകരിച്ച ഫീൽഡ് അസിസ്റ്റന്റ് തസ്തിക ഉടൻ പ്രാബല്യത്തിൽ വരുത്തുക, കളക്ഷൻ ജീവനക്കാരെ ബാങ്കിലെ സ്ഥിരം ജീവനക്കാരാക്കുക, കളക്ഷൻ ജീവനക്കാർക്ക് ബാങ്ക് നൽകിയ ഉറപ്പുകൾ പാലിക്കുക, സ്‌കെയിൽ ഓഫ് പേ അനുവദിക്കുക, വെട്ടിക്കുറച്ച അനുകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉനയിച്ചാണ് സമരം നടത്തുന്നത്.രാവിലെ 10. ന് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബാങ്കിന് മുമ്പിൽ സമാപിക്കും. തുടന്ന് നടക്കുന്ന ധർണ്ണ സമരം സംയുക്ത സമര സമിതി ചെയർമാൻ കെ.വി ടോമി ഉദ്ഘാടനം ചെയ്യും. കൺവീനർ സുനിൽകുമാർ കെ.എസ് അധ്യക്ഷത വഹിക്കും.