തൊടുപുഴ: പുതിയ തൊഴിലുകൾ ലഭ്യമാക്കാനും വരുമാനം വർദ്ധിപ്പിക്കാനുമായി കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന
'പ്രധാനമന്ത്രി മുദ്രയോജന' വായ്പാ പദ്ധതി പുതിയ സംരംഭകർക്ക് ഏറെ ആശ്വാസമാകുന്നു. കൃഷി, വ്യവസായം, ചെറുകിട സംരംഭങ്ങൾ, ഫാമിങ്ങ്, ടാക്സി വാഹനങ്ങൾ അടക്കം വരുമാന ദായകമായ പദ്ധതികൾക്കാണ് ഈ പദ്ധതിയിലൂടെ ബാങ്കുകളിൽ നിന്ന് സഹായം ലഭിക്കുന്നത്. ടാക്സി, കരിയർ വാഹനങ്ങൾ ഓടിച്ച് വരുമാനമുണ്ടാക്കുവാൻ തയ്യാറാകുന്ന സംരംഭകർക്ക് വലിയ സഹായമാണ് കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി. കോവിഡ് പ്രതിസന്ധി മാറിയതോടെ
ടൂറിസം മേഖലയിലുണ്ടായ ഉണർവ്വ് ടാക്സി വാഹനങ്ങളുടെ ആവശ്യകത ഉയർന്നിരിക്കുകയാണ്. ജില്ലയിലെ ലീഡ് ബാങ്കായി തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂലമറ്റം ബ്രാഞ്ചിൽ നിന്നും മുദ്രാ ലോൺ വഴി അറക്കുളം ചേന്നാട്ട്
ലാൽ മാത്യുവിന് ലഭിച്ച കാറിന്റെ താക്കോൽ ബാങ്കിൽ നിന്ന് കൈമാറി.ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഏ വേലുക്കുട്ടന്റെയും വിനീഷ് വിജയന്റെയും സാന്നിദ്ധ്യത്തിൽ ബാങ്ക് മാനേജർ വിമൽ തോമസ് കാറിന്റെ രേഖകളും താക്കോലും കൈമാറി.