മൂന്നാർ: തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലേക്ക് പുലി ചാടി വീണത് പരിഭ്രാന്തി പരത്തി. പുലിയുടെ പിടിയിലകപ്പെടാതെ തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് കടലാർ എസ്റ്റേറ്റിലെ പത്താം നമ്പർ ഫീൽഡിലായിരുന്നു സംഭവം. ഇവിടെ രണ്ട് ഭാഗത്തായി അമ്പതോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. തേയില ചെടികൾക്കിടയിലെ പുലിയുടെ സാന്നിദ്ധ്യം തൊഴിലാളികൾ അറിഞ്ഞില്ല. പുതുതായി തേയില തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ടിരുന്ന ഏതാനും തൊഴിലാളികൾക്കിടയിലേക്ക് പതുങ്ങിക്കിടന്ന പുലി ചാടി വീഴുകയായിരുന്നു. തൊഴിലാളികൾ ഭയന്നോടിയതോടെ വിറളി പിടിച്ച പുലി തേയില തോട്ടത്തിനിടയിലൂടെ പരക്കം പാഞ്ഞു. പിന്നീട് പുലി സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.