തൊടുപുഴ: കർഷകോത്തമ അവാർഡിന് അർഹനായ സി.ഡി രവീന്ദ്രൻ നായരെ കൃഷി അസിസ്റ്റന്റുമാരുടേയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടേയും സംഘടനയായ കേരള അഗ്രികൾച്ചർ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ വണ്ടൻമേട് പഞ്ചായത്തിലെ ചെമ്പകശ്ശേരി സി.ഡി രവീന്ദ്രൻ നായർക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.ജിൻസ് ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് എം.ആർ.രതീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.റ്റി.വിനോദ്, ഇ.പി.സാജു, കെ.എംബോബൻ എന്നിവർ പങ്കെടുത്തു. സമ്മിശ്ര കൃഷിയിലൂടെയാണ് രവീന്ദ്രൻ നായർ അവലംബിക്കുന്നത്. സ്വന്തമായി പതിമൂന്ന് ഏക്കറും പാട്ടത്തിനെടുത്ത ഏഴ് ഏക്കർ ഉൾപ്പെടെ ഇരുപത് ഏക്കർ ഭൂമിയിലാണ് വിവിധ തരം വിളകളായ ഏലം, കാപ്പി, കുരുമുളക്, ജാതി, മരച്ചീനി, വാഴ, ചേന, ചേമ്പ്,പച്ചക്കറി കൃഷികളും ചെയ്തു വരുന്നു. കൂടാതെ ആടുവളർത്തൽ, പശു ഫാം, മുട്ടക്കോഴി,മത്സ്യകൃഷി, തീറ്റപ്പുൽ കൃഷി തുടങ്ങിയവയും പരിപാലിച്ചു വരുന്നു. അഞ്ചേക്കർ ഭൂമിയിൽ നെല്ലുല്പാദിച്ച് കുത്തരിയാക്കി പ്രാദേശിക വിപണിയിലൂടെ വിറ്റഴിക്കുന്നു. കാർഷികമേഖലയിലെ വിവിധങ്ങളായ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർഷകനെ ആദരിച്ചത്.