തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും അർദ്ധസഹസ്രകലശവും പുതുതായി നിർമ്മിച്ചിട്ടുള്ള ചുറ്റമ്പലത്തിന്റെയും ഗുരുദേവക്ഷേത്ര പ്രാർത്ഥനമണ്ഡപത്തിന്റെയും സമർപ്പണവും ഇന്ന് മുതൽ സെപ്തംബർ ആറ് വരെയുള്ള ദിവസങ്ങളിലായി നടക്കുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവൻ, യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്,​ യൂണിയൻ കൺവീനർ പി.ടി. ഷിബു എന്നിവർ അറിയിച്ചു. ഇന്ന് അഷ്ടബന്ധനവീകരണ കലശവും 30, 31 തീയതികളിൽ ക്ഷേത്രചാര ചടങ്ങുകളും സെപ്തംബർ ഒന്നിന് രാവിലെ 9.30ന് ക്ഷേത്ര സമർപ്പണ സമ്മേളനവും നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചുറ്റമ്പലത്തിന്റെയും ഗുരുദേവക്ഷേത്ര പ്രാർത്ഥന മണ്ഡപത്തിന്റെയും സമർപ്പണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, ക്ഷേത്രം തന്ത്രി അയ്യമ്പള്ളി എൻ.ജി. സത്യപാലൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ബെന്നി ശാന്തികൾ,​ ജില്ലയിലെ യൂണിയനുകളുടെ നേതാക്കന്മാർ,​ പോഷക സംഘടനാ നേതാക്കന്മാർ എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ പി.ടി. ഷിബു സ്വാഗതവും ദേവസ്വം മാനേജർ കെ.കെ. മനോജ് നന്ദിയും പറയും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രച്ചടങ്ങുകളും ആറിന് ഉച്ചയ്ക്ക് നടക്കുന്ന മഹാപ്രസാദ ഊട്ടോടുകൂടി ചടങ്ങുകൾ അവസാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.