കുമളി സ്വദേശിയായ യുവാവിന് 'മുംബെയ് പൊലീസ്' ആണെന്ന വ്യാജേന ഒരു കോൾ വരുന്നു. താങ്കളുടെ വിലാസത്തിൽ നിന്ന് ഇറാനിലേക്ക് നിരോധിത ലഹരി വസ്തുക്കൾ അടങ്ങിയ കൊറിയർ എത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത പണമിടപാടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു കോളിന്റെ ഉള്ളടക്കം. കേസ് ഒഴിവാക്കാൻ വൻതുക ആവശ്യപ്പെടുകയും ചെയ്തു. ലോൺ ആപ്പ് വഴി ലോൺ എടുക്കാൻ നിർബന്ധിച്ചു. അത്തരത്തിൽ ലോൺ എടുത്തതും കൈയിലുണ്ടായിരുന്ന നാല് ലക്ഷവും ചേർത്ത് യുവാവ് നൽകിയത് 23 ലക്ഷം രൂപയാണ്.
മറ്റൊരു യുവാവ് കെണിയിൽ വീണത് മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെയാണ്. പ്രൊഫൈൽ ഇഷ്ടമായി എന്ന തരത്തിൽ ഒരു 'പെൺകുട്ടി' യുവാവുമായി ചാറ്റിംഗ് തുടങ്ങുന്നു. ഇരുവരും ചാറ്റിങ്ങിലൂടെ കൂടുതൽ അടുപ്പമായതോടെ ഭാവി സുരക്ഷിതമാക്കാൻ നമുക്ക് ഓൺലൈൻ ട്രേഡിങ് തുടങ്ങിയാലോ എന്ന് പെൺകുട്ടി ചോദിക്കുന്നു. സംശയിക്കേണ്ട കാര്യമില്ലാത്തതിനാൽ പെൺകുട്ടി നിർദ്ദേശമനുസരിച്ച് അയാൾ പണം നിക്ഷേപിച്ചു കൊണ്ടിരുന്നു. 16 ലക്ഷം രൂപ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴാണ് യുവാവിന് അബദ്ധം മനസിലായത്.
ഇത്തരത്തിൽ ചെറുതും വലുതുമായ 63 ഓൺലൈൻ തട്ടിപ്പുകളാണ് ഇടുക്കി ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 7.5 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഈ വർഷം ജില്ലയിൽ നടന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടിരൂപയാണ്. പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ച് ഓൺലൈൻ ട്രേഡിങ്ങിനു തലവച്ച് ജീവതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടമായവർ തുടങ്ങി വിവിധ കെണികളിൽ പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം തട്ടിപ്പുകളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
കൊറിയർ എത്തിയിട്ടുണ്ടെന്നും അതിൽ നിയമവിരുദ്ധമായ സാധനങ്ങൾ ഉണ്ടെന്നും വിശ്വസിപ്പിച്ചു നടത്തുന്ന തട്ടിപ്പാണ് ഫെഡ് എക്സ് സ്കാം. ഇതാണ് കുമളിയിൽ നടന്നത്. ഡൽഹി, മുംബെയ് എന്നിവിടങ്ങളിലെ കൊറിയർ കമ്പനികളിൽ നിന്ന് എന്ന പേരിലാകും ആദ്യം സന്ദേശം വരിക. തൊട്ടുപിന്നാലെ പൊലീസ്, കസ്റ്റംസ്, സിബിഐ, ഐബി, എന്നിങ്ങനെ പല ഉദ്യോഗസ്ഥരും ഓൺലൈൻ വഴി തേടിയെത്തും. മറ്റെല്ലാ തട്ടിപ്പുകളിലും പണം ഇരട്ടിയാക്കാമെന്ന വാഗ്ദാനമാണെങ്കിൽ ഇവിടെ ഭീഷണിയാണ്. വിളിക്കുന്നവർ ഇംഗ്ലീഷലോ ഹിന്ദിയലോ ആകും സംസാരിക്കുക. 'ഇരകൾക്കു' മലയാളം മാത്രമേ അറിയൂ എന്നാണെങ്കിൽ 'സഹായിക്കാൻ' മലയാളികളായ ഉദ്യോഗസ്ഥരുമെത്തും.
ഇരകളാകുന്നത് പ്രായമായവർ
വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പ്രായമായവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്നും ഫോണിൽ വരുന്ന ഒ.ടി.പി എത്രയും വേഗം അയച്ചു തന്നാൽ പണം നഷ്ടപ്പെടുന്നത് തടയാമെന്നും പറയുമ്പോൾ വെപ്രാളപ്പെട്ടു പോവുക സ്വാഭാവികം. കാരണം ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ അതിലാകും സൂക്ഷിച്ചിട്ടുണ്ടാകുക. അതിനാൽ സൈബർ ഇടങ്ങളിൽ ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യം. തട്ടിപ്പുകാർ ഇപ്പോൾ പ്ലസ്ടു, കോളജ് വിദ്യാർഥികളെയും നോട്ടമിടുന്നുണ്ട്. രണ്ടായിരമോ അയ്യായിരമോ കൊടുത്താൽ ബാങ്ക് അക്കൗണ്ടെടുത്ത് എ.ടി.എം കാർഡും 'പിൻനമ്പറും നൽകാൻ വിദ്യാർത്ഥികൾ തയ്യാറാകും. പിന്നീട് പൊലീസെത്തുമ്പോഴാണ് ചതി പറ്റിയ വിവരം കുട്ടികളറിയുക. വിദേശത്തുനിന്ന് ഇങ്ങനെയെത്തിയ അനധികൃത പണം അക്കൗണ്ട് വഴി കൈമാറിയതിന് ബിരുദ വിദ്യാർത്ഥി ഒരുമാസം ജയിലിൽ കിടന്ന സംഭവവുമുണ്ടായി. ബാങ്കിൽ നിന്നാണ്, നിങ്ങളുടെ ഫോണിലേക്കു വന്ന ഒ.ടി.പി പറയൂ എന്നാവശ്യപ്പെട്ടുള്ള കോൾ ചിലപ്പോൾ വന്നേക്കാം. ആദ്യം ഓർക്കേണ്ടത് ഒരു ബാങ്കിൽ നിന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒ.ടി.പി ആവശ്യപ്പെടില്ല. ഒ.ടി.പി, എ.ടി.എം പിൻ, ആധാർ ഒ.ടി.പി എന്നിവ ആവശ്യപ്പെട്ടുള്ള കോളുകളോടു പ്രതികരിക്കരുത്. ഇതു കൈമാറുന്നതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടമാകുമെന്നോർക്കുക. നമ്മുടെ അക്കൗണ്ടുകൾ വഴി പിന്നീടു നടക്കുന്ന സാമ്പത്തിക ഇടപാടുകൾക്കെല്ലാം ഉത്തരവാദി നമ്മളായിരിക്കും.
ഇപ്പോൾ ട്രെൻഡ് ഓഹരിവിപണി
ഓഹരിവിപണിയിലെ കയറ്റിറക്കങ്ങൾ മനസ്സിലാക്കാനുള്ള വഴി സൗജന്യമായി പഠിപ്പിക്കാമെന്നായിരിക്കും പരസ്യം. ആദ്യം സൗജന്യ ക്ലാസ്. ശേഷം ലിങ്ക് നൽകി വ്യാജ ആപ് ഡൗൺലോഡ് ചെയ്യിക്കും. അവർ പറയുന്ന ഷെയർ വാങ്ങാൻ നിർദ്ദേശിക്കും. ഡിജിറ്റൽ വോളിൽ ഷെയർ ഗ്രാഫ് കുതിച്ചു കയറുമ്പോൾ നിക്ഷേപകർ ആഹ്ലാദമടക്കാനാകാത്ത അവസ്ഥയിലായിരിക്കും. എന്നാൽ, ഇതൊക്കെ കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് നിക്ഷേപകർക്കു മനസ്സിലാകില്ല. എല്ലാം ബോദ്ധ്യമാകുമ്പോഴേക്കും കൈവശമുള്ളതെല്ലാം തീർന്നിരിക്കും. ചിലർ കടം വാങ്ങിയും നിക്ഷേപിച്ചിട്ടുണ്ട്. പോയ പണം തിരികെക്കിട്ടിയവർ അപൂർവം. ഇതരസംസ്ഥാനക്കാരായ, അഭ്യസ്തവിദ്യരല്ലാത്ത ആളുകളെയാണ് തട്ടിപ്പുസംഘം ആദ്യം കണ്ണിയിൽ ചേർക്കുക. ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡും പിൻനമ്പറും കൈമാറാൻ 5000 രൂപ വരെ ഇവർക്കു നൽകും. പിന്നീട് ഇവരുടെ അക്കൗണ്ടുകളിലൂടെ ഇടപാടു നടത്തുന്നതു തട്ടിപ്പുകാരായിരിക്കും. ഒടുവിൽ പൊലീസ് തേടിയെത്തുമ്പോഴാകും തങ്ങളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടു നടന്ന വിവരം ഇവരറിയുക.
മോഹനവാഗ്ദാനങ്ങളിൽ വീഴരുത്
ലാഭം എന്ന മോഹനവാഗ്ദാനമാണ് എല്ലാ തട്ടിപ്പുകാരുടെയും ചൂണ്ടയിലെ ഇര. 100 ചൂണ്ടയിട്ടാൽ 50 പേരെങ്കിലും കൊത്തുമെന്ന് തട്ടിപ്പുകാർക്കറിയാം. കാരണം പെട്ടെന്നു പണമുണ്ടാക്കാനുള്ള എളുപ്പവഴികൾ തേടുന്നതിൽ മുന്നിലാണല്ലോ മലയാളികൾ. ചൂണ്ടയിൽ കൊളുത്തിയാൽ തുടക്കത്തിൽ ലാഭത്തോടെ പണം ലഭിക്കും. 10000 നിക്ഷേപിക്കുന്നവർക്ക് 12,000 തിരിച്ചു നൽകി വിശ്വാസം നേടും. പിന്നീട് കൂടുതൽ പണം ആവശ്യപ്പെടും. തട്ടിപ്പുകാർ നമുക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന വ്യാജ വാലറ്റുകൾ ലക്ഷങ്ങളും കോടികളും കൊണ്ട് നിറയും. അതിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, നികുതിയിനത്തിൽ ലക്ഷങ്ങൾ നൽകിയാലേ പണം പിൻവലിക്കാനാകൂ എന്ന് അറിയിപ്പ് ലഭിക്കും. ഇതിനോടകം ലക്ഷങ്ങളോ കോടികളോ നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നിട്ടും തട്ടിപ്പ് മനസ്സിലാകാത്ത ചിലർ വാലറ്റിലെ വൻ തുക കണ്ട് വീണ്ടും 'നികുതി' അടയ്ക്കും. അതും നഷ്ടമായി കഴിഞ്ഞാൽ പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയേ മാർഗമുള്ളൂ.
ഉടൻ വിളിക്കൂ 1930ൽ
തട്ടിപ്പിനിരയായി ആദ്യ മണിക്കൂറിൽതന്നെ പരാതി നൽകിയാൽ നമ്മൾ കൈമാറിയ പണം ഏത് അക്കൗണ്ടലേക്കാണോ എത്തിയത് ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കും. തട്ടിപ്പ് മനസിലായാൽ ഉടൻ 1930ൽ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യണം. പരാതി ലഭിച്ചാലുടൻ കൈമാറ്റം നടന്ന ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യും (ലീൻ മാർക്ക്). പിന്നീട് ഈ പണം കൈമാറ്റം ചെയ്യാൻ കഴിയില്ല. ഇങ്ങനെ ലീൻ മാർക്ക് ചെയ്ത പണം പരാതിക്കാരന് ഉടൻ ലഭിച്ചുകൊള്ളണമെന്നില്ല. കോടതി ഇടപെടലിലൂടെ മാത്രമേ തിരിച്ചുകിട്ടൂ. തട്ടിപ്പിനിരയായി ദിവസങ്ങൾ കഴിഞ്ഞാണ് പരാതി നൽകുന്നതെങ്കിൽ ലീൻ മാർക്കിനു സാദ്ധ്യത കുറവാണ്. മാനഹാനിയോർത്തു പരാതിപ്പെടാതിരിക്കരുത് എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.