തൊടുപുഴ: ഈ ഓണക്കാലത്തും നഗരത്തിലെ തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മിഴി തുറക്കാതായതോടെ രാത്രി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമെത്തുന്നവർ ഇരുട്ടിലായ സ്ഥിതിയാണ്. നഗരത്തിൽ പലയിടത്തായി വലിയ ഹൈമാസ്റ്റ് ലൈറ്റുകളും നിരവധി മിനി ഹൈമാസ്റ്റ് ലൈറ്റുകളുമുണ്ട്. ഇതിൽ ഭൂരിഭാഗവും ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. പോസ്റ്റുകളിലെ പുതിയ എൽ.ഇ.ഡി വഴി വിളക്കുകളും പലയിടത്തും തെളിയുന്നില്ല. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തൊടുപുഴയിൽ നടന്ന മഹാശോഭയാത്രസമയത്ത് നഗരത്തിലെ തെരുവുവിളക്കുകൾ ഒന്നും തെളിയാത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പലപ്പോഴും യാത്രക്കാർ രാത്രിയാത്ര ചെയ്യുന്നതാകട്ടെ സമീപത്ത് പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനത്തിന്റെ വെളിച്ചത്തിലാണ്. രാത്രി ഒമ്പതിന് ശേഷം കടകളടയ്ക്കുന്നതോടെ പലയിടത്തും ഇത്തരത്തിലുള്ള വെളിച്ചവും ഇല്ലാതാകും. വെളിച്ചക്കുറവ് മൂലം പലപ്പോഴും എതിരെ നിന്ന് വരുന്ന വാഹനങ്ങൾ ദൂരെ നിന്ന് കാണാൻ കഴിയുന്നില്ലെന്നും ഇത് വലിയ രീതിയിലുള്ള അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്നും പറയുന്നു. ഇരുട്ടിൽ രാത്രികാലയാത്ര ചെയ്യുന്ന കാൽനടയാത്രക്കാരെ സംബന്ധിച്ച് ഇഴജന്തുക്കളെയും അതുപോലെ തസ്‌കരന്മാരുടെയും ആക്രമണത്തെ ഭയന്ന് വേണം സഞ്ചരിക്കാൻ. വെളിച്ചമില്ലാത്തതിനാൽ തന്നെ നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറി വരികയാണ്. വഴിവിളക്കുകൾ ഇടവേളകളിൽ മാറ്റി സ്ഥാപിക്കാനും പരിശോധിക്കാനും സംവിധാനമില്ലാത്തതാണ് പ്രധാനപ്രശ്നം.

എണ്ണായിരം

വഴിവിളക്കുണ്ട് പക്ഷേ...

നഗരത്തിലെ 35 വാർഡുകളിലെ ഉൾപ്രദേശങ്ങളിൽ എണ്ണായിരത്തോളം വഴിവിളക്കുകളാണ് ഉള്ളത്. ഇതിന് പുറമേ നഗരത്തിലെ പ്രധാന റോഡുകളിൽ ഏതാണ്ട് ആയിരത്തോളം ലൈറ്റുകളും ഉണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും കേടായി പ്രകാശിക്കാത്ത സ്ഥിതിയിലാണ്. നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്വത്തിൽ ഉൾപ്പെട്ടതാണ് വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതും റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തുന്നതും. നഗരസഭാ പാർക്കിലെ ലൈറ്റുകൾ പോലും നന്നാക്കി സന്ദർശകർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയാത്ത സ്ഥിതിയിലാണ് നഗരസഭയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ശോഭായാത്ര ഇരുട്ടിലാക്കാൻ ശ്രമിച്ചെന്ന്

തൊടുപുഴ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തൊടുപുഴയിൽ നടന്ന മഹാശോഭയാത്ര ഇരുട്ടിലാക്കാൻ നഗരത്തിലെ തെരുവുവിളക്കുകൾ അണച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സമിതി ആവശ്യപ്പെട്ടു. ഹൈന്ദവ ആഘോഷങ്ങൾ തകർക്കാനുള്ള ഇത്തരം കുൽസിതശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് കെ.ആർ. സതീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, സെക്രട്ടറി കെ.എസ്. സലിലൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.ജി. റെജിമോൻ, ഭാരവാഹികളായ എ.എസ്. അനിൽ, പുഷ്പരാജ്, എന്നിവർ സംസാരിച്ചു.