പീരുമേട്: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിൽ മേമലക്കുസമീപം വാഹനം ഇടിച്ച് രണ്ട് പശുക്കൾ ചത്തു.
ഇന്നലെ പുലർച്ചയാണ് അപകടം ഉണ്ടായത്. പശുക്കളെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രദേശങ്ങളിൽ അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലികൾ വാഹന യാത്രികർക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ദേശീയപാതയിലൂടെ അലഞ്ഞു തിരിയുന്ന കാലിക്കൂട്ടങ്ങളുടെ ഉടമസ്ഥരെ താക്കീത് ചെയ്യുവാനോ ഇവയെ
പിടികൂടി പൗണ്ടിൽ അടക്കുവാനോ കഴിയുന്നില്ല.കുട്ടിക്കാനം മലയോര ഹൈവേയിലും, കൊട്ടാരക്കര ഡിണ്ടുക്കൽ ദേശീയപാതയിൽ മുറിഞ്ഞപുഴ മുതൽ വണ്ടിപ്പെരിയാർ വാളാടി വരെ റോഡിൽ രാത്രിയും പകലും ഒരുപോലെ കന്നു കാലികൾ വിഹരിക്കുകയാണ്. ഈ കാലികൂട്ടങ്ങളെ ഉടമസ്ഥർ വൈകുന്നേരങ്ങളിൽ പോലും തൊഴുത്തിൽ കൊണ്ട് കെട്ടാറില്ല. പലപ്പോഴും ഈ കാലി കുട്ടങ്ങൾ റോഡിലാണ് കിടക്കുന്നത്. പകലും രാത്രിയിലും ഒരുപോലെ കനത്ത മൂടൽമഞ്ഞും, ചാറ്റൽ മഴയും, കന്നുകാലി കൂട്ടങ്ങൾ റോഡിൽ കിടക്കുന്നത് കാണാനാകാതെ ഉണ്ടാകുന്ന വാഹനഅപകടങ്ങളാണ് അധികവും. കന്നുകാലിക്കുട്ടങ്ങൾ റോഡിൽ തമ്പടിക്കുന്നത് വാഹന യാത്രക്കാർക്ക് വലിയ അപകടകെണിയാണ് സൃഷ്ടിക്കുന്നത്. കാലികളെ വാഹനങ്ങൾഇടിച്ച്‌നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.പലപ്പോഴും വാഹനം ഇടിച്ച് കാലികൾക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്യാറുണ്ട്.ഏലപ്പാറ പഞ്ചായത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് പൗണ്ടിൽ അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.