കട്ടപ്പന : മുൻ എസ് സി എസ് ടി കമ്മീഷൻ അംഗം അഡ്വ.കെ കെ മനോജിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്ത വാത്തിക്കൂടി പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. തിങ്കളാഴ്ച്ച കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്രാംകുടിയിൽ സായാഹ്ന ധർണയും സെപ്തംബർ 5 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത ലിസ്റ്റിൽ അംഗമായ കരിഞ്ചയിൽ കുട്ടിയമ്മക്കും മകനും അഡ്വ. കെ .കെ മനോജിനുമാണ് സെക്രട്ടറിയുടെ മർദനമേറ്റത്. ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും നേതാക്കളായ തോമസ് മൈക്കിൾ, അഡ്വ. കെ ബി സെൽവം, ജെയ്‌സൺ കെ ആന്റണി, വിജയകുമാർ മറ്റക്കര, സുബി കൂന്തളായിൽ
എന്നിവർ പറഞ്ഞു.