രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും
ഇടുക്കി : ജില്ലയിലെ തദ്ദേശ അദാലത്ത് ഇന്ന് ചെറുതോണി ടൗൺ ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ജലവിഭവ വ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തും. എം എൽ എ മാരായ എം എം മണി , പി .ജെ ജോസഫ്, വാഴൂർ സോമൻ , എ രാജ ജില്ലാ ആസൂത്രണ സമിതി ചെയർമാൻ കെ. ടി ബിനു, തദ്ദേശ സ്വയംഭരണ വകുപ്പ്‌ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പഞ്ചായത്ത് , നഗരസഭ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്തവ , ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ,പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും.
തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട പുതിയ പരാതികൾ,നിർദ്ദേശങ്ങൾ എന്നിവയും അദാലത്തിൽ പരിഗണിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവ സംബന്ധിച്ച പുതിയ പരാതികളും ജീവനക്കാരുടെ സർവ്വീസ് സംബന്ധിച്ച പരാതികളും പരിഗണിക്കില്ല.