തൊടുപുഴ: കേരളകൗമുദി ഇന്നലെ ചൂണ്ടിക്കാണിച്ച നഗരത്തിലെ വഴി വിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ലെന്ന വിഷയം നഗരസഭ കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കി. യോഗം തുടങ്ങി അജണ്ട ചർച്ചക്കെടുക്കും മുമ്പേ തന്നെ ബി.ജെ.പി അംഗം ടി.എസ് രാജനാണ് വിഷയം ഉന്നയിച്ചത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ വെളിച്ച കുറവ് മൂലം ഉണ്ടായ ദുരിതവും റ്റി.എസ് രാജൻ ചൂണ്ടിക്കാട്ടി. ഇതിന്റെ തുടർച്ചയായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കൗൺസിലർമാ്ും നഗരത്തെയാകമാനം ഇരുട്ടിലാക്കുന്ന വിഷയത്തിൽ തങ്ങളുടെ പരാതി ഉന്നയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്ര ലൈറ്റുകൾ നന്നാക്കണമെന്നതിലും ഇതിന് വേണ്ടി വരുന്ന ചിലവും എന്ന് പൂർത്തിയാകും എന്നതും ഉൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനായില്ല. ഇതോടെ ഡി.പി.സി യോഗം ചേർന്ന ശേഷം വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് ചെയർപഴ്സൻ സബീന ബിഞ്ചു പറഞ്ഞതോടെയാണ് ഈ വിഷയത്തിലുള്ള ചർച്ചകൾ അവസാനിച്ചത്.
നഗരസഭയിലെ വനിത ഓവർസീയറെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൗൺസിലർമാരായ കവിത അജി, സിജി റഷീദ് എന്നിവർ കൊണ്ടു വന്ന പ്രമേയം പിൻവലിച്ചു. പ്രമേയം കൊണ്ടു വരുന്നതിന്റെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത് വന്നതോടെ പ്രമേയം മാറ്റി വയക്കാമെന്ന് ചെയർപഴ്സൺ ഉൾപ്പെടെയുള്ള അംഗങ്ങൾ പറഞ്ഞു. എന്നാൽ ഓവർസീയർ നേരത്തെ കൗൺസിലർമാർക്കും മുൻ കൗൺസിലർക്കും എതിരെ കോടതിയിൽ കൊടുത്ത കേസ് നടന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടിയതോടെയാണ് പ്രമേയം പിൻവലിച്ചത്.