തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കാരിക്കോട് ഉണ്ടപ്ലാവ് ആർപ്പാമറ്റം റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് പി .ജെ ജോസഫ് എം.എൽ.എ രണ്ടകോടി രൂപ അനുവദിച്ചതായി മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ ഷഹനാ ജാഫർ, റസിയ കാസിം, സാബിറ ജലീൽ എന്നിവർ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. 2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബി എം ബി സി നിലവാരത്തിൽ പുനർനിർമ്മിക്കും. 2024- 25 സാമ്പത്തിക വർഷം ചിലവഴിക്കത്തക്ക നിലയിൽ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങൾക്കും 7 കോടി രൂപ വീതം സർക്കാർ അനുവദിക്കുകയും ഈ തുകക്കുള്ള ഉചിതമായ നിർമ്മാണ ജോലികൾ നിർദ്ദേശിക്കാൻ എം.എൽ.എമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ തുകയിൽ നിന്നാണ് റോഡിന് രണ്ടു കോടി അനുവദിക്കാൻ എം.എൽ.എ നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം റോഡ് നിർമ്മാണത്തിനുള്ള നിർദ്ദേശം അംഗീകരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ നിർമ്മാണം നടത്തുക.