പൊതു ഉത്തരവിറക്കി തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ്

ചെറുതോണി: വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി നേരിട്ട് പോകണമെന്നില്ല, വീഡിയോ കോൺഫറൻസ് വഴി രജിസ്ട്രേഷൻ ലഭ്യമാക്കും. ഇന്നലെ ചെറുതോണി ടൗൺഹാളിൽ നടന്ന ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി .കെ ശ്രീകുമാർ നൽകിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്ട്രർ ചെയ്യാൻ അനുമതി തേടിയായിരുന്നു പരാതി. 2019ൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്‌ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും, അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ ദമ്പതികൾക്ക് വീഡിയോ കെ.വൈസി വഴി എവിടെയിരുന്നും രജിസ്‌ട്രേഷൻ നടത്താൻ സൗകര്യമൊരുങ്ങി. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. പരാതി പരിഗണിച്ച മന്ത്രി എം.ബി രാജേഷ് വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

ചട്ടഭേദഗതി ഉടൻ

ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്ന ദമ്പതികൾക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാർട്ട് വിന്യസിക്കുമ്പോൾ വീഡിയോ കെ വൈ സി വഴി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.

""പതിനായിരക്കണക്കിന് പേർക്ക് സഹായകമാവുന്ന ഉത്തരവിന് ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.""

ഉപ്പുതറ ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ് ജയിംസ് കെ. ജേക്കബ്

സെക്രട്ടറി വി. കെ. ശ്രീകുമാർ