ഇടുക്കി: ഹരിത കേരളം മിഷന്റെ ജലബഡ്ജറ്റ് പദ്ധതി കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇടുക്കി ബ്ലോക്കിൽ ആറ്, കട്ടപ്പനയിൽ ആറ്, അടിമാലിയിൽ അഞ്ച് എന്നിങ്ങനെ 17 പഞ്ചായത്തുകളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇടുക്കി ബ്ലോക്കും കട്ടപ്പന നഗരസഭയും ഇതിനകം ഹരിത കേരളം മിഷന്റെ പിന്തുണയോടെ ജലബഡ്ജറ്റ് തയ്യാറാക്കി. ആവശ്യകതയും ലഭ്യതയും തിട്ടപ്പെടുത്തി ജലക്ഷാമവുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുകയാണ് ഹരിത കേരളം മിഷന്റെ ജലബഡ്ജറ്റ് പദ്ധതിയുടെ ലക്ഷ്യം.ഇതിനായി തദ്ദേശഭരണ സ്ഥാപന തലങ്ങളിൽ സാങ്കേതിക സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ വർഷം തന്നെ ജലബഡ്ജറ്റ് തയ്യാറാക്കാനാണ് തീരുമാനം.

ജലലഭ്യതയിൽ സെമി ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്ന നെടുങ്കണ്ടം ബ്ലോക്കിലെ ഏഴ്, തൊടുപുഴ ബ്ലോക്കിലെ മണക്കാട്, ഇളംദേശത്തെ ഉടുമ്പന്നൂർ, ദേവികുളത്തെ ശാന്തമ്പാറ, അഴുതയിലെ കുമളി എന്നീ പഞ്ചായത്തുകളിലും ജലബഡ്ജറ്റ് പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പഞ്ചായത്തുകളിലും ഈ വർഷം തന്നെ ജലബഡ്ജറ്റ് പൂർത്തിയാക്കുമെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ പറഞ്ഞു.

'ജല സമൃദ്ധിക്ക് നടുവിലും ഈ പഞ്ചായത്തുകളിലെല്ലാം ജലം കമ്മിയാണെന്നാണ് ബഡ്ജറ്റുകൾ വിരൽചൂണ്ടുന്നത്. മഴയുടെ ലഭ്യത കണക്കാക്കിയാൽ എല്ലായിടത്തും ജലം മിച്ചമാണ്. എന്നാൽ ജലം ഉപയോഗത്തിന് ആവശ്യത്തിനില്ലാത്ത സ്ഥിതിയും. തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി ഈ വൈരുദ്ധ്യത്തെ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് ഹരിത കേരളം ജലബഡ്ജറ്റിലൂടെ നടത്തുന്നത്.

ഹരിതകേരളം ജില്ലാ കോർഡിനേറ്റർ

ഡോ. അജയ് പി.കൃഷ്ണ

ബഡ്ജറ്റ് തയ്യാറാക്കുന്നത് ഇങ്ങനെ:

ഓരോ പഞ്ചായത്തിലെയും ജല ആവശ്യകതയും ലഭ്യതയും ഹരിതകേരളം പ്രവർത്തകർ സമാഹരിക്കും. മഴവെള്ളമാണ് പ്രധാന ജല ലഭ്യതാ സ്രോതസായി കണക്കാക്കുന്നത്. ഓരോ മാസവും നിശ്ചിത ഇടവേളകളിൽ ലഭിക്കുന്ന മഴയുടെ വിവരമാണ് ഇതിനായി ശേഖരിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചാണ് ഗാർഹിക ഉപഭോഗം കണക്കാക്കുന്നത്. കൃഷിയാവശ്യത്തിന് വേണ്ട വെള്ളത്തിന്റെ അളവും വളർത്തുമൃഗങ്ങളുടെ അടക്കമുള്ള മറ്റ് ജല ആവശ്യകതയും പരിഗണിക്കും. ഇവയെല്ലാം പ്രത്യേകമായാണ് സമാഹരിക്കുക. അതിന് ശേഷം ജലം മിച്ചമാണോ, കമ്മിയാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തും. ഇതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) സജ്ജമാക്കിയ പ്രത്യേക സോഫ്ട്‌വെയറാണ് ഉപയോഗിക്കുന്നത്. മറ്റ് സാങ്കേതിക സഹായവും ഈ കേന്ദ്രമാണ് നൽകുന്നത്. ഓരോ പഞ്ചായത്തിലെയും ജലത്തിന്റെ വരവും ചെലവും അറിയാനും ഭാവി പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനും ജലബഡ്ജറ്റ് സഹായകമാകും.