ചെറുതോണി: തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ചെറുതോണി ടൗൺ ഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ751 പരാതികൾ തീർപ്പാക്കി. മൊത്തം 913 പരാതികളാണ് ലഭിച്ചത്. 162 പരാതികൾ കൂടുതൽ പരിശോധനയ്ക്കായി മാറ്റി വച്ചു. 72 പരാതികൾ നിരസിച്ചു. മാറ്റി വച്ച പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിക്കും. ഭൂപരിധി നിയമത്തിലെ ഭേദഗതിയുടെ ഭാഗമായി ചട്ടങ്ങൾ രൂപികരിക്കുന്നതോടെ അദാലത്തിൽ ഉന്നയിക്കപ്പെട്ട അനേക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പാട്ടഭൂമിയിൽ
താത്കാലിക കെട്ടിടം പണിയാൻ അനുമതി
റബർബാൻഡ് ഫാക്ടറിക്ക് താത്കാലിക കെട്ടിടം പണിയുന്നതിന് പത്തു വർഷത്തെ വാടക കരാർ പ്രകാരം എടുത്ത സ്ഥലത്ത് പെർമിറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് കുടയത്തൂർ സ്വദേശി രേഷ്മ രാജു കൈക്കുഞ്ഞുമായി അദാലത്ത് വേദിയിൽ എത്തിയത്. ഉടമയുമായുള്ള വാടകചീട്ടിലെ വ്യവസ്ഥയിലെ വ്യക്തത കുറവ് ചൂണ്ടിക്കാട്ടിയാണ് കരിങ്കുന്നം പഞ്ചായത്ത് പെർമിറ്റ് അനുവദിക്കാതിരുന്നത്.
വിഷയം പരിശോധിച്ച മന്ത്രി സംരംഭകയ്ക്ക് അനുകൂലമായ പരിഹാരത്തിന് നിർദേശം നൽകി. രേഷ്മക്ക് റബർ ബാൻഡ് ഫാക്ടറിക്കുള്ള താത്കാലിക കെട്ടിടം പണിയുന്നതിനുള്ള നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ മന്ത്രി പഞ്ചായത്തിന് നിർദ്ദേശം നൽകി. കാലങ്ങളായി പല ഓഫീസുകളും കയറിയിറങ്ങിയിട്ടും നടക്കാത്ത ആവശ്യം പരിഹരിച്ച സന്തോഷത്തിലാണ് രേഷ്മയും കുടുംബവും തദ്ദേശ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
ശ്രീനാരായണ സ്‌കൂൾ:
പുതിയ സ്‌കൂൾ കെട്ടിടത്തിന്
താത്കാലിക ഫിറ്റ്നസ് നമ്പർ
കഞ്ഞിക്കുഴി നങ്കിസിറ്റിയിലുള്ള ശ്രീ നാരായണ ഹൈസ്‌കൂളിന് വേണ്ടി പണിത പുതിയ കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നമ്പർ നൽകാൻ പ്പ് മന്ത്രി എം .ബി രാജേഷ് നിർദ്ദേശിച്ചു. ജൂലൈ 4 ലെ തദ്ദേശ സ്വയം ഭരണ വകുപ്പ് സർക്കുലർ പ്രകാരം ജീവന് ഭീഷണിയില്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് നിബന്ധനകളോടെ ഒരു വർഷത്തേക്ക് താത്കാലിക ഫിറ്റ്നസ് നൽകാൻ കഴിയും. ഈ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശ്രീനാരായണ ഹൈസ്‌കൂളിന് താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്.
പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ക്ലാസുകൾ തുടങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി എത്തിയ സ്‌കൂൾ അധികൃതർ, ഈ വിഷയത്തിന് പരിഹാരമായതിന്റെ സന്തോഷത്തോടെയാണ് തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. നിലവിൽ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു കെട്ടിടം പൊളിച്ചുപണിയുകയായിരുന്നു. പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ ഹൈസ്‌കൂൾ വിഭാഗം ഇവിടെ പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. നൂറുകണക്കിന് വിദ്യാർത്ഥികളുടെ പഠന സംബന്ധമായ തടസമാണ് തദ്ദേശ അദാലത്തിലൂടെ മാറിയത്. ഇത് ബോധ്യപ്പെട്ടതിനെ തുടർന്ന് അടിയന്തിര പ്രാധാന്യം നൽകി താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്.
ജെയ്‌ന്റെ കൃഷി ഇനി
വേനലിനെയും അതിജീവിക്കും
കഞ്ഞിക്കുഴി സ്വദേശിനി നിരവത്ത് ജെയ്‌ന്റെ കൃഷി ഇനി വേനലിനെയും അതിജീവിക്കും. പട്ടയമില്ലാത്തതിനാൽ കൃഷിയിടം നനയ്ക്കാൻ നിർമിച്ച മോട്ടോർ പുരയ്ക്ക് നമ്പർ അനുവദിക്കാത്തതിനാൽ വൈദ്യുതി ലഭിച്ചിരുന്നില്ല. ഭൂമി കൃഷി ചെയ്യുന്നതാണെന്ന കൃഷി ഓഫീസറുടെ സർട്ടിഫക്കറ്റ് പരിഗണിച്ച് കൃഷി ആവശ്യത്തിനുള്ള താത്കാലിക നമ്പർ നല്കാൻ നിർദേശിച്ചു. ഇങ്ങനെ നമ്പർ ലഭിച്ചാൽ മോട്ടോർപുരയ്ക്ക് വൈദ്യുതി കണക്ഷന് അപേക്ഷിക്കാനാവും. ഇതോടെ ദീർഘ കാലമായുള്ള പരാതിക്കാണ് പരിഹാരമായത്.ജലക്ഷാമത്തെ തുടർന്ന് കഴിഞ്ഞ വേനലിൽ കൃഷി നാശം സംഭവിച്ച കൃഷിക്കാരനാണ് തദ്ദേശ അദാലത്തിലൂടെ ആശ്വാസം ലഭിക്കുന്നത്. അസുഖ ബാധിതയായി ആശുപത്രിയിലായിരുന്ന ജെയ്ൻ ഷാജിക്ക് വേണ്ടി സഹോദരൻ ഫാ.മനോജാണ് പരാതിയുമായി അദാലത്തിലെത്തിയത്.
ഔഷധ സസ്യശേഖരണ
സംസ്‌കരണ യൂണിറ്റ്
കെട്ടിടത്തിന് നമ്പർ ലഭ്യമാക്കി
വാണിജ്യാവശ്യത്തിന് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച പരാതിയുമായി എത്തിയ ബിന്ദു മടങ്ങുന്നത് നമ്പർ കിട്ടിയ സന്തോഷത്തിൽ. പൊള്ളലിനുള്ള നാട്ടുവൈദ്യചികിത്സയിൽ വിദഗ്ദ്ധയായ ബിന്ദു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ താമസക്കാരിയാണ്. ഇവരുടെ നേതൃത്വത്തിൽ പത്തു ആദിവാസി കുടുംബങ്ങൾ ചേർന്ന് സംഘം രൂപീകരിക്കുകയും കെട്ടിടം നിർമിക്കുകയും ചെയ്തിരുന്നു. നാലു വർഷത്തോളമായി ഈ കെട്ടിട നമ്പറിനായി കഞ്ഞിക്കുഴി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ലഭ്യമായില്ല.ബിന്ദുവിന്റെ പരാതി തദ്ദേശ മന്ത്രി വിശദമായി കേട്ടു. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഔഷധ സസ്യശേഖരണ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിന് ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സംഘം ആരംഭിച്ചതെന്ന് ബോദ്ധ്യപ്പെട്ടു. ആദിവാസികളുടെ പരമ്പരാഗത അറിവുകൾക്ക് ഉചിതമായ ശാസ്ത്രീയ അടിത്തറ നൽകി അവരെ സംരക്ഷിക്കുക, അത്തരം അറിവുകൾ ഉത്പന്നങ്ങളായി രൂപപ്പെടുത്തി സാമൂഹിക വിപണന കേന്ദ്രം വഴി പൊതു സമൂഹത്തിൽ എത്തിക്കുക, ആദിവാസി സമൂഹത്തിന്റെ ദൈനദിന ജീവിതം മെച്ചപ്പെടുത്തുക, ആദിവാസി വിഭാഗങ്ങൾക്ക് പുതിയ തൊഴിൽമേഖല സൃഷ്ടിക്കുകയും അവരുടെ അറിവിനെ പരിപോഷിപ്പിക്കുകയും ചെയ്യുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതാണ് കേന്ദ്രം. ഈ വസ്തുതകൾ പരിഗണിച്ച് പത്തു ആദിവാസി കുടുംബങ്ങൾ ചേർന്ന് നടത്തുന്ന സംരംഭത്തിനായി പ്രത്യേക ഇളവ് നൽകി കെട്ടിടത്തിനു നമ്പർ നൽകാനാണ് മന്ത്രി നിർദ്ദേശിച്ചത്.