കട്ടപ്പന : താലൂക്ക് ആശുപത്രി പുതിയ മുഖഛായയിലേക്ക് . ബഹുനില കെട്ടിടം നിർമിക്കാൻ കിഫ്ബി 16 കോടി രൂപ അനുവദിച്ചു.ഇതിനുള്ള തുടർനടപടികൾ ഉടൻ ആരംഭിക്കും. ഒപ്പം ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പുതിയ വാർഡ് തുറക്കും. അതോടൊപ്പം ഇനി ഒ .പി ടിക്കറ്റുകൾ ഓൺലൈൻ മുഖാന്തരം വീട്ടിലിരുന്ന് എടുക്കുവാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും ജില്ല മെഡിക്കൽ ഓഫീസർ എൽ .മനോജ് പറഞ്ഞു . താലൂക്ക് ആശുപത്രി നിലവിൽ അഭിമുഖീകരിക്കുന്ന ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവ് നികത്തുന്നതിനും തീരുമാനം ഉണ്ടാകും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും താലൂക്ക് ആശുപത്രിയായി ഉയർന്നെങ്കിലും പഴയ സ്റ്റാഫ് പാറ്റേൺ തന്നെയാണ് നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് വേണ്ട പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആശുപത്രിയിൽ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആരോഗ്യ രംഗത്ത് വലിയ നേട്ടമാണ് കട്ടപ്പനയ്ക്ക് ഉണ്ടാക്കാൻ പോകുന്നത്.ഡയാലിസിസ് യൂണിറ്റിലടക്കം കൂടുതൽ രോഗികളെ ഉൾക്കൊള്ളിക്കാൻ സാധിക്കും, അതോടൊപ്പം കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കാനും കൂടുതൽ വിഭാഗങ്ങൾ ആരംഭിക്കാനും സാധിക്കും. നിലവിൽ ഭൗതിക സാഹചര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനം പിന്നോട്ട് അടിച്ചിരുന്നു. നിലവിലുള്ള ജീവനക്കാർ തന്നെ പലപ്പോഴും അധിക ജോലി ഏറ്റെടുക്കേണ്ട സാഹചര്യവും ഉണ്ടായി.
=ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ കൂടി അടിയന്തരമായി നിയമിക്കും
അനസ്‌ത്യേഷ്യാ ഡോക്ടറുടെ
തസ്തികയില്ല:ഡി എം ഒ.
ഇരുപതേക്കർ താലൂക്ക് ആശുപത്രിക്ക് അനസ്‌ത്യേഷ്യാ ഡോക്ടറുടെ തസ്തികയില്ല. പകരം മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കുകയാണ്.എല്ലാ ദിവസവും ചെറുതും വലുതുമായ നിരവധി ഓപ്പറേഷനുകൾ ആശുപത്രിയിൽ നടക്കുന്നു.
ഓരോ മാസവും 45 നും 50 നും ഇടയിൽ ഓപ്പറേഷനുകൾ നടന്നുവരുന്നു എന്നതാണ് കണക്ക്. അനസ്‌തേഷ്യ ഡോക്ടർ ഇല്ലാത്ത ദിവസങ്ങളിൽ മറ്റ് ഡോക്ടർമാർ ചെറിയ ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൽ മനോജ് വ്യക്തമാക്കി.