പീരുമേട്: കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ അപകടങ്ങൾ കുറയ്ക്കാൻ നടപടി ആരംഭിച്ചു. അപകട ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളിൽ റോഡിന്റെ വശങ്ങളിൽക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു.
പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തും ടൗണിന് സമീപത്തെ പാലത്തിനും ഹോട്ടലിലും ഇടയിലുള്ള ഭാഗത്തുമാണ്‌ദേശീയപാത വിഭാഗം അധികൃതർ സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത്. അടുത്ത കാലത്തായി പീരുമേട് കല്ലാർ കവലമുതൽ മുറിഞ്ഞ പുഴ വരെ നിരവധിയായ വാഹന അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഈ മേഖലകളിൽ സുരക്ഷ സംവീധാന ങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ട്.വിവിധ അപകടങ്ങൾ ഈ മേഖലയിൽ ഉണ്ടായതിന്റെ ഭാഗമായാണ് ആളുകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. എന്നാൽ ഇവിടെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കാലതാമസം നേരിട്ടു. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി ഇവിടെ അപകടത്തിൽപ്പെട്ടതോടെയാണ് അടിയന്തരമായി ഈ മേഖലയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ ദേശീയപാത വിഭാഗം അധികൃതർ തയ്യാറായത്. തുടർന്നും ദേശിയ പാതയിൽ അപകടങ്ങൾ പതിയിരിക്കുന്ന മറ്റ് ഭാഗങ്ങളിൽ കൂടി ക്രാഷ് ബാരിയർ സ്ഥാപിച്ചാൽ മാത്രമെ അപകട ഭീഷണിമാറി കിട്ടു.