അമൽ നിർമ്മലൻ
കട്ടപ്പന : സ്‌കൂൾ കായിക മത്സരത്തിനിടയിൽ അപകടത്തിൽപ്പെട്ട സഹപാഠിക്ക് പുതുജീവൻ നൽകി സുഹൃത്ത്. ഇരട്ടയാർ ഗവ.ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി അഭിജിത്തിനാണ് സുഹൃത്ത് അഭിനന്ദു തുണയായത്.
സ്‌കൂൾ കായിക മേളയിൽ ഹൈജംമ്പ് മത്സരത്തിനിടെ നിലത്തേയ്ക്ക് തെറിച്ചുവീണ അഭിജിത്ത് ഷൈജുവിന് കൂട്ടുകാരൻ അഭിനന്ദു നൽകിയത് ജീവവായുവായിരുന്നു.
കഴിഞ്ഞ 27നാണ് സ്‌കൂളിൽ കായിക മത്സരം നടന്നത്. സ്‌കൂൾ ഒളിമ്പിക്സിലെ ഹൈജമ്പ് മത്സരത്തിൽ ഇരുവരും മത്സരാർഥികളായിരുന്നു. ആദ്യം ഊഴം ലഭിച്ചത് അഭിജിത്തിനാണ്.എന്നാൽ ചാട്ടം പിഴച്ച് ഹൈജമ്പ് ബെഡ്ഡിൽ നിന്ന് തെന്നിമാറി അഭിജിത്ത് നിലത്തേയ്ക്ക് വീഴുകയായിരുന്നു. നിലത്തുവീണ് ശ്വാസംകിട്ടാതെ പിടഞ്ഞ അഭിജിത്തിനെ കായികാദ്ധ്യാപകരായ ജയ്‌മോനും ബിബിൻ സി മാത്യുവും അദ്ധ്യാപകൻ ഡോ. എ എം ഫൈസലും മറ്റ് അദ്ധ്യാപകരും ചേർന്ന് എഴുന്നേൽപ്പിച്ചെങ്കിലും ശരീരം തളർന്ന അവസ്ഥയിലായിരുന്നു.
പെട്ടെന്നാണ് അഭിനന്ദു ഓടിയെത്തിയത്. അഭിജിത്തിന്റെ വായിൽ നിന്ന് രക്തം വരുന്നത് കണ്ട് അഭിനന്ദു ബലമായി വായ തുറക്കുകയും നാവ് മുറിയാതെ ഉള്ളിലേക്ക് എടുപ്പിച്ചു. തുടർന്ന് സി.പി.ആറും നൽകിതോടെ അഭിജിത്ത് കണ്ണുതുറന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
പരിശോധനയിൽ, വീഴ്ച്ചയിലുണ്ടായ ചെറിയ ക്ഷതകളൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ഇരുവരും ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 10ാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഫുട്‌ബോൾ ടീമിന്റെ ക്യാപ്ടൻ കൂടിയാണ് അഭിനന്ദു. ഫുട്‌ബോൾ പരിശീലനകാലയളവിലാണ് അടിയന്തര ഘട്ടത്തിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് പഠിച്ചത്. അഭിനന്ദുവും അഭിജിത്തും ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളും ഒന്നാം ക്ലാസ് മുതൽ ശാന്തിഗ്രാം സ്‌കൂളിലെ വിദ്യാർത്ഥികളുമാണ്.
ശാന്തിഗ്രാം മഞ്ഞാടിയിൽ മനോജ് സിന്ധു ദമ്പതികളുടെ മകനാണ് അഭിനന്ദു. സഹപാഠിയുടെ ജീവൻ രക്ഷിച്ച് ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന അഭിനന്ദുവിന് സ്‌കൂൾ അധികൃതരുടെയും, പി.ടി.എ ഭാരവാഹികള്ളുടെയും സഹപാഠികളുടെയും അഭിനന്ദന പ്രവാഹമാണ് .
അഭിനന്ദവും അഭിജിത്തും സ്‌കൂൾ അങ്കണത്തിൽ.