ഇടുക്കി: പട്ടികവർഗ വികസന വകുപ്പിന്റെ സഹ്യകിരൺ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശർക്കര നിർമ്മാണ പ്ലാന്റിന്റേയും മറയൂർ മധുരം ശർക്കരയുടെ വിപണനത്തിന്റെയും ഉദ്ഘാടനം കാന്തല്ലൂരിൽ പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി ഒ. ആർ. കേളുനിർവഹിച്ചു.
സെന്റർ ഫോർ മാനേജ്‌മെന്റ ഡെവലപ്‌മെന്റ്ര് തിരഞ്ഞെടുത്ത പരമ്പരാഗത തൊഴിലുകളിലൊന്നാണ് മറയൂർ ശർക്കര നിർമ്മാണം.

കാലങ്ങളായി ശർക്കര നിർമ്മാണവും കരിമ്പ് കൃഷിയും ചെയ്തുവരുന്ന മറയൂരിലെ നൂറ്റിയൻപതോളം പട്ടികവർഗ കുടുംബങ്ങളെ സംഘടിപ്പിച്ച് മറയൂർ കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. പട്ടിക വർഗ്ഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ്ഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാന്തല്ലൂർ പഞ്ചായത്തിലെ ദണ്ട്‌കൊമ്പ് കോളനിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പരിപാടിയിൽ എ രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സി എം ഡി ഡോക്ടർ ബിനോയ് ജി കാറ്റാടിയിൽ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ അനിൽകുമാർ ജി, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി എന്നിവർ പങ്കെടുത്തു.