കട്ടപ്പന :വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകി . കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതികൾ നടപ്പാക്കുന്നതിൽ വലിയ വീഴചയുണ്ടായതായി ഇവർ ആരോപിച്ചു.
വാർഡുതലത്തിലും പൊതുവായ ഫണ്ടുകളുടെ വിനിയോഗത്തിലും പിഴവ് സംഭവിച്ചതുമൂലം പഞ്ചായത്തിന് രണ്ടു കോടിരൂപയോളം നഷ്ടമുണ്ടായി. ഇതുമൂലം മുൻവർഷത്തെ പദ്ധതികൾ സ്പിൽ ഓവർ പ്രോജക്ടായി നിലനിർത്തിയതിനാൽ പുതിയ സാമ്പത്തിക വർഷത്തിൽ ലഭിച്ച വികസന ഫണ്ടുകൾ വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എൽ.ഡി.എഫ് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് ഇറച്ചിക്കടകളുടെ ലേലത്തുക 7 ലക്ഷമായിരുന്നു. അതിനുശേഷം 27 ലക്ഷവും തൊട്ടടുത്ത വർഷത്തിൽ 35 ലക്ഷവുമായി ഉയർത്തി. എന്നാൽ പുതിയ പ്രസിഡന്റിന്റെ ഇഷ്ടക്കാർക്ക് ലേലത്തുക കുറച്ച് നൽകുന്നതിനായി ലേലം വിളിച്ചുറപ്പിച്ച തുക പഞ്ചായത്തിൽ അടപ്പിച്ചില്ല. ചില സെന്ററുകൾ ലേലത്തിന് തുക കുറയുന്നതിനും ഇടപെടൽ നടത്തി. ഇതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി
നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം പുറ്റടിയിൽ പണികഴിപ്പിച്ചിട്ടുള്ള ശുചിമുറി കോംപ്ലക്സ്, നെറ്റിത്തൊഴു, ചേറ്റുകുഴി എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയവ ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ വരുമാനം നഷ്ടമാക്കി. വികസനത്തിൽ പഞ്ചായത്തിനെ പിന്നോട്ടടിക്കുന്ന സമീപമാണ് സ്വീകരിച്ചതെന്നും എൽ.ഡി.എഫ് അംഗങ്ങളായ സിബി എബ്രഹാം, ജോസ് മാടപ്പള്ളിൽ, രാജി സന്തോഷ്‌കുമാർ, ഫിലോമിന രാജം സന്ധ്യ രാജു, എൻ ശിവസാമി, സെൽവി ശേഖർ, കറുപ്പുസ്വാമി സുരുളി എന്നിവർ ആരോപിച്ചു.