കട്ടപ്പന :കൊന്നത്തടിയിൽ ഏലക്ക കച്ചവടത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.. കൊന്നത്തടി, വെള്ളത്തൂവൽ, അടിമാലി, രാജാക്കാട് പഞ്ചായത്തുകളിലെ ഏലം കർഷകരിൽ നിന്നും പാലക്കാട് സ്വദേശി മുഹമ്മദ് നസീർ കോടികൾ തട്ടിയെടുക്കുകയായിരുന്നു. എൻ ഗ്രീൻ ഇന്റർനാഷണൽ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് കർഷകരുടെ പക്കൽ നിന്നും 500 മുതൽ 1000 വരെ അധിക വിലക്ക് ഏലക്ക വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ആദ്യമാസങ്ങളിൽ മുഴുവൻ തുകയും നൽകി കർഷകരുടെ വിശ്വാസം ആർജിച്ച ശേഷമാണ് തട്ടിപ്പ്. വിവിധ പഞ്ചായത്തുകളിലായി 200ൽലധികം കർഷകരാണ് തട്ടിപ്പിന് ഇരയായത്. 25 പേർ അടിമാലി സ്റ്റേഷനിലും 5 പേർ വെള്ളത്തൂവൽ സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇയാൾ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ജൂൺ മാസം മുതലാണ് പണം നൽകാതെ അവധികൾ പറഞ്ഞ് കർഷകരെ വഞ്ചിക്കാൻ തുടങ്ങിയത്. കൊന്നത്തടി സ്വദേശികളായ ചില പ്രമുഖ വ്യക്തികളെ ഇടനിലക്കാരാക്കിയാണ് കർഷകരിൽ നിന്നും വൻതോതിൽ ഏലക്ക വാങ്ങിയത്. ഈ ഇടനിലക്കാർക്കെതിരെയും അന്വേഷണം വേണമെന്നും ഇതിന്റെ മറവിൽ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കോൺഗ്രസ്നേതാക്കളായ തോമസ് മൈക്കിൾ, ജോർളി പത്താംകുളം, ബാബു കളപ്പുരക്കൽ, ബിജു വെളുത്തപറമ്പ്, സാജൻ ഇല്ലിമൂട്ടിൽ ആവശ്യപ്പെട്ടു.