അടിമാലി: ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ. കഴിഞ്ഞ 21നാണ് മുറിവാലനെ ആക്രമിച്ചത്. മുറിവാലന്റെ പിൻഭാഗത്ത് 15 ഇടങ്ങളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
പരിക്കേറ്റതിനെ തുടർന്ന് ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ചിന്നക്കനാൽ വിലക്കിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. കിടപ്പിലായ മുറിവാലൻ വെള്ളം കുടിക്കുന്നുണ്ട്. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. ചക്കക്കൊമ്പന്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശനിലയിലാകാൻ കാരണം. മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനും മരുന്ന് നൽകിയതായി ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജി പറഞ്ഞു.