deen

കട്ടപ്പന :സർക്കാർ സംവിധാനത്തിൽ കല്യാണതണ്ട് മേഖലയിൽ നിന്നും ആളുകളെ കുടികൊഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചു എന്നതാണ് ബോർഡ് സ്ഥാപിച്ചതിൽ നിന്നുള്ള സുചനയെന്ന് ഡീൻ കുര്യാക്കോസ് എം. പി .സർക്കാർ നിലപാടിനെതിരെ യു.ഡി.എഫ് സമരം ആരംഭിച്ചപ്പോൾ അതിന്റെ ജ്യാള്യത മറക്കാനാണ് എൽ.ഡി.എഫ് അനാവശ്യമായ ചില വാദങ്ങൾ ഉയർത്തുന്നത്. കുടിയിറക്കില്ലെന്ന് പറയുന്ന എൽ.ഡി.എഫ് നേതൃത്വം വീണ്ടും റവന്യു വകുപ്പ് ബോർഡ് സ്ഥാപിച്ചതിന് മറുപടി പറയണം. എൽഡിഎഫ് ജനങ്ങളെ പറഞ്ഞു പറ്റിച്ച് ഒളിച്ചു കളിക്കുകയാണെന്നുംഡീൻ കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 16നാണ് റവന്യു വകുപ്പ് കല്യാണത്തണ്ട് പുല്ലുമേട് ഭാഗത്ത് ഇത് സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിക്കുന്നത്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60 സർവേ നമ്പർ 19 ൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റെവന്യൂ പുറമ്പോക്കുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. ബോർഡ് സ്ഥാപിച്ചതോടെ മേഖലയിലെ ആളുകളെ കുടിയറക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് യു.ഡി.എഫ് സമരമുഖത്തേക്ക് കടന്നിരുന്നു. അതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും എൽ.ഡി.എഫ് ജില്ലാ നേതാക്കളും സ്ഥലം സന്ദർശിച്ചിരുന്നു. ആളുകളെ കുടിയിറക്കില്ല എന്നതാണ് എൽ.ഡി.എഫ് നേതാക്കൾ ഉറപ്പ് പറയുന്നത്.വാക്ക് പോരുകൾ മുറുകുന്നതോടെ കല്യാണത്തണ്ട് ഭൂപ്രശ്നം രാഷ്ട്രീയ ചർച്ചയാകുകയാണ്.

സി എച്ച്ആർ കേസ് പരാജയപെട്ടാൽ
ഉത്തരവാദി സംസ്ഥാന സർക്കാർ

സി എച്ച് ആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ പരാജയപ്പെട്ടാൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എം. പി . കേസ് പരാജയപ്പെട്ടാൽ കേരളം കണ്ട ഏറ്റവും വലിയ കുടിയിറക്ക് ഉണ്ടാകും. സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ഒളിച്ചുകളിയും വസ്തുതാ വിരുദ്ധമായ ഇടപെടലും അവസാനിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട കേസിൽ കർഷകർക്കനുകൂലമായ നിലപാട് സർക്കാർ വ്യക്തമാക്കണം. സി എച്ച് ആർ ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച് വനം, റവന്യു വകുപ്പുകളുടെ ഏകോപനമില്ലായ്മ കോടതിയിൽ ബാധിച്ചിട്ടുണ്ടെന്നും എം.പി കുറ്റപ്പെടുത്തി.