തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ സ്കൂളിന്റെ മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇടവെട്ടി ശാസ്താംപാറ സ്വദേശി സനു ബാബുവാണ് (33) പൊലീസ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശാസ്താംപാറ കൊച്ചുവീട്ടിൽ എബി കെ. ദാസിന്റെ (22) ഓട്ടോറിക്ഷയാണ് പ്രതി കത്തിച്ചത്. എബിയുടെ ഭാര്യാ പിതാവുമായി വഴക്കിട്ടത് ചോദ്യം ചെയ്തതും പൊലീസിൽ വിളിച്ചു പരാതി പറഞ്ഞതുമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് വീടിന് സമീപം റോഡിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇയാൾ കത്തിക്കുകയായിരുന്നു. നാല് മാസം മുമ്പ് 3,45,000 രൂപ നൽകി എബി വാങ്ങിയ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. എബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി സനുവിനെ ഇന്നലെ രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.