 ഉത്പാദനം അഞ്ചിലൊന്നായി ചുരുങ്ങി

പീരുമേട്: ഉത്പാദനം അഞ്ചിലൊന്നായി ചുരുങ്ങിയതോടെ കണ്ണീരിലായി തേയില കർഷകർ.

ഏറ്റവും കൂടുതൽ കൊളുന്ത് ഉത്പാദനമുള്ള ഈ സീസണിൽ സാധാരണ 2500 കിലോ പച്ച കൊളുന്ത് കിട്ടിയിരുന്ന കർഷകന് ഇപ്പോൾ 500 കിലോ മാത്രമാണ് ഏതാനും ആഴ്ചകളായി ലഭിക്കുന്നത്. കൃത്യമായി 15 ദിവസം കൂടുമ്പോൾ പച്ച കൊളുന്ത് എടുത്തിരുന്ന കൃഷിക്കാർക്ക് ഇപ്പോൾ ഒരു മാസമായാലും തേയിലച്ചെടിയിൽ നിന്ന് കൊളുന്ത് കിട്ടുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴ കാരണം പച്ച കൊളുന്ത് അരുമ്പ് മുളച്ച് രണ്ടിലയും മൊട്ടും വിടരാൻ താമസം നേരിടുന്നു. ഇതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ഉത്പാദനം തീരെയില്ലാത്തതിനാൽ പച്ചക്കൊളുന്തിന് 20 രൂപ ലഭിച്ചിട്ടും ഒന്നും വിൽക്കാൻ ചെറുകിട കർഷകന്റെ കൈയിൽ ഇല്ല. ഉത്പാദനം കൂടിയൽ വില കൂപ്പുകുത്തി 10 രൂപയിലെത്തും. വൻകിട കർഷകർക്ക് ഇപ്പോൾ 27 രൂപ വരെ പച്ചക്കൊളുന്തിന് ലഭിക്കുന്നുണ്ട്. കൊളുന്ത് എടുപ്പു കൂലി കിലോയ്ക്ക് എട്ട് രൂപ വീതം കൊടുക്കണം. വളത്തിനും കീടനാശിനിയ്ക്കും പൊള്ളുന്ന വിലയായി മാറി. ഈ ചെലവുകളെല്ലാം കഴിഞ്ഞ് തേയിലകൃഷിക്കാർക്ക് ബാക്കി ഒന്നും കിട്ടുന്നില്ലെന്നതാണ് സ്ഥിതി. കൈയിൽ നിന്ന് പണം ചെലവാക്കി കൃഷി തുടരേണ്ട അവസ്ഥയാണ്.

പീരുമേട്ടിലെ ചെറുകിട തേയില കർഷകർ- 10,​0000

ടീബോർഡ് നോക്കുകുത്തി

ദുരിതത്തിലായ ചെറുകിട കർഷകരെ സഹായിക്കേണ്ട റ്റീ ബോർഡാണെങ്കിൽ നോക്കുകുത്തിയായി ഇരിക്കുന്നു. വൻ തോട്ട ഉടമകളെയാണ് റ്റീ ബോർഡ് സഹായിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുള്ള തേയില കർഷകനെ സംബന്ധിച്ചിടത്തോളം സമയത്ത് തവണ തിരിച്ചടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ടീ ബോർഡും കനിഞ്ഞാലേ തേയില കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്ന് ചെറുകിട കർഷകർ പറയുന്നു.