കാസർകോട്: മൊഗ്രാലിൽ എ.ടി.എം. കൗണ്ടർ തകർക്കാൻ ശ്രമം. ഇന്നലെ പുലർച്ചെ മൂന്നര മണിയോടെ മൊഗ്രാലിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം.കൗണ്ടർ തകർക്കാനാണ് ശ്രമം നടന്നത്. അതിനിടയിൽ അലാറം മുഴങ്ങിയതോടെ പ്രതികൾ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. അലാറം മുഴങ്ങിയതോടെ ഇതിന്റെ സന്ദേശം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡൽഹി കേന്ദ്രത്തിലേക്ക് അറിയുകയും ഇവർ ഉടനെ കാസർകോട് പൊലീസിന് വിവരം നൽകുകയും ചെയ്തു. മൊഗ്രാൽ പുത്തൂർ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്ന കാസർകോട് പൊലീസ് ആദ്യം സ്ഥലത്തെത്തി. പിന്നീട് കുമ്പള പൊലീസെത്തി പ്രതികൾക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൗണ്ടർ പൊളിക്കാൻ എത്തിയതെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം സി.സി.ടി.വിയിൽ തെളിഞ്ഞു. ഒരാൾ നടന്നു പോകുന്ന ദൃശ്യമാണ് സി.സി.ടി.വിയിൽ പതിഞ്ഞിരിക്കുന്നത്.