കണ്ണൂർ: കുട്ടികൾ ഉൾപ്പെടെയുള്ള ആളുകളെത്തുന്ന ബീച്ച് പോലുള്ള സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പരിസരങ്ങളിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
2023 ഫെബ്രുവരി 14ന് മൈസൂരിൽ നിന്നെത്തിയ രണ്ട് കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ചുമതലയിലാണെന്നും ശുചിത്വ പരിപാലനത്തിന് 16 അംഗ കുടുംബശ്രീ പ്രവർത്തകരെ അനുവദിച്ചിട്ടുണ്ടെന്നും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
തെരുവുനായ വിഷയത്തിൽ മിക്ക പഞ്ചായത്തുകളും വലിയ അലംഭാവമാണ് കാണിക്കുന്നത്. പലയിടങ്ങളിലും പത്തും പതിനഞ്ചും അടങ്ങുന്ന തെരുവു നായകൾ കൂട്ടത്തോടെയാണ് കാണുന്നത്. തെരുവ് നായകളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള യാതൊരു നടപടികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നില്ല. അതിനാൽ മിക്കയിടങ്ങളിലും ഇവ പെരുകയാണെന്ന് കമ്മിഷൻ പറഞ്ഞു.
ഭീഷണിയൊഴിഞ്ഞില്ല
മുഴപ്പിലാങ്ങാട് പഞ്ചായത്ത് ഇപ്പോഴും തെരുവുനായ ഭീഷണിയിലാണ്. ബീച്ചിലും തെരുവു നായ ശല്യം പതിവാണ്.
അറവു മാലിന്യങ്ങൾ ഉൾപ്പെടെ ബീച്ചിലും മറ്റ് പൊതു ഇടങ്ങളിലും തുള്ളരുതെന്നും ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. തെരുവ് നായകളെ തുരത്താൻ വാർഡ് തല ജാഗ്രത സമിതികൾ രൂപീകരിക്കുകയും ചെയ്തു. 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവു നായ കൂട്ടം കടിച്ചു കൊന്നതിനു പിന്നാലെ മുഴപ്പിലങ്ങാട് ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ ഇത് എത്രത്തോളം കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്നതിലാണ് പരാതി ഉയരുന്നത്.
മുഴപ്പിലങ്ങാട് തെരുവു നായ്ക്കൾ വർദ്ധിക്കാനുള്ള രണ്ടു കാരണങ്ങൾ അറവു മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നതും ആൾ താമസമില്ലാത്ത വീടുകളിൽ തെരുവു നായ്ക്കൾ തമ്പടിക്കുന്നതുമാണ്
ഇതു രണ്ടും തടയാൻ വാർഡ് തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കാനാണ് അന്നത്തെ യോഗത്തിൽ തീരുമാനമായത്