animal
മൃഗസംരക്ഷണ മേഖലയിലും ആശങ്ക

കാഞ്ഞങ്ങാട്: കാലവർഷം ശക്തിപ്പെട്ടതോടെ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിലേക്കായി ജില്ലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ കോർഡിനേറ്റർ ആയുള്ള ഒരു ദ്രുത കർമ്മസേന രൂപീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും നിർദ്ദേശം നൽകി.

നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലേക്കും അടിയന്തര സഹാചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കുമായി കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ദുരന്ത ബാധിത മേഖലകളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ മൃഗങ്ങൾക്കായി അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനും അവിടങ്ങളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത, മൃഗചികിത്സാ സഹായം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ
1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശങ്ങൾ കർഷകരും പൊതുജനങ്ങളും കർശനമായി പാലിക്കുക.
2. വളർത്തു മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കുകയോ കെട്ടിയിട്ട മൃഗങ്ങളെ അഴിച്ചു വിടാനോ ശ്രദ്ധിക്കുക
3. വെള്ളം ഉയരാനുള്ള സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക
5. കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും കെട്ടിയിടരുത്.
6. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.
7. ശക്തമായ മഴയുള്ള സമയങ്ങളിൽ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാൻ അനുവദിക്കുകയോ ചെയ്യരുത്.
8.കന്നുകാലികളെ ബലക്ഷയമുള്ള മേൽകൂരുകൾക്കിടയിൽ പാർപ്പിക്കരുത്.
9. കാലിത്തൊഴുത്തിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
10. മഴക്കാലത്ത് ശ്വാസകേശ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
11. കൊതുക്, ഈച്ച ശല്യം നിയന്ത്രിക്കുന്നതിന് കർഷകർ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

12.ശുദ്ധമായ കുടിവെള്ളം മാത്രം കുടിക്കാൻ നൽകുക.
13. കഷ്ടനഷ്ടങ്ങൾ അതത് സ്ഥലത്തെ സർക്കാർ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യുക

കൺട്രോൾ റൂം കാസർകോട് 04994 224624