കാസർകോട്: നീർത്താതെ തുടരുന്ന തീവ്രമഴയിൽ കാസർകോട്ടും മലനിരകളെ പേടിക്കേണ്ട സാഹചര്യം. ജില്ലയിലെ പനത്തടി, കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ മലകളുടെ മുകളിലാണ് മണ്ണിടിച്ചിൽ ഭീഷണി.
വെള്ളരിക്കുണ്ടിൽ ബളാൽ വില്ലേജിലെ പാലച്ചാൽ, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാൽ, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാർമല, കാട്ടാൻകവല, വെസ്റ്റ് എളേരി വില്ലേജിലെ മുത്തപ്പൻപാറ, കോട്ടമല, മുടന്തൻപാറ, ചിറ്റാരിക്കൽ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അർക്കത്തട്ട്, ബേളൂർ വില്ലേജിലെ നായ്കയം, നരയാർ, പടിമരുത്, കള്ളാർ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കൽ, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂർ കുളിയാർ എന്നീ പ്രദേശങ്ങളും ഭീഷണിയുടെ നിഴലിലാണ്.
ഉരുൾപൊട്ടൽ ദുരന്തം മുന്നിൽ കണ്ട് വയനാട് ദുരന്തം ഉണ്ടായ ദിവസം തന്നെ കള്ളാർ പഞ്ചായത്തിലെ മൂന്ന് കോളനികളിലെ ജനങ്ങളെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഓട്ടക്കണ്ടം, മുണ്ടമാണി കുട്ടിക്കാനം, നീലിമല എന്നീ മൂന്ന് കോളനികളിലെ 26 കുടുംബങ്ങളിലെ 100 പേരെയാണ് ചുള്ളിക്കര എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ നേതൃത്വത്തിൽ മാറ്റിയത്.
പനത്തടി ഗ്രാമ പഞ്ചായത്തിലെ കല്ലപ്പള്ളി, കമ്മാടി ഗ്രാമങ്ങളിലെ നിരവധി പേരാണ് കുന്നിടിച്ചിൽ ഭീഷണിയിൽ കഴിയുന്നത്. കമ്മാടി പത്തുകുടി പട്ടിക വർഗ മേഖലയിലെ 13 കുടുംബങ്ങളിലെ 53 പേരെ കുന്നിടിച്ചിൽ ഭീഷണിയെ തുടർന്ന് കമ്മാടി ഏകാദ്ധ്യാപക വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇവരെ ക്യാമ്പിലേക്ക് എത്തിച്ചത്. നാല് കുടുംബങ്ങളിലെ 17 പേരെ ബന്ധുവീടുകളിലേക്കും മാറ്റി.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ ഇന്നലെ കമ്മാടിയിലെയും ചുള്ളിക്കരയിലെയും ക്യാമ്പുകൾ സന്ദർശിച്ചു. രണ്ടു ദിവസമായി ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തിരുന്ന പാണത്തൂർ മേഖലയിൽ ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ട്.
കള്ളാറിൽ മൂന്ന് കോളനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഥിതി ഭീതിജനകമാണ്. അവിടത്തെ ജനങ്ങളെ നമ്മൾ കഴിവിന്റെ പരമാവധി സംരക്ഷിക്കുന്നുണ്ട്.
ടി.കെ നാരായണൻ (കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
കല്ലപ്പള്ളി, കമ്മാടി ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കുറെ വീടുകൾ മണ്ണിടിഞ്ഞു തകർന്നു. കാറ്റിൽ കാർഷിക വിളകൾ വ്യാപകമായി നശിക്കുകയും ചെയ്തു. എല്ലാവർക്കും സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.പി.കെ സൗമ്യമോൾ (പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ)