കൽപ്പറ്റ: പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ മലമുകളിൽ നിന്ന് ഇരുട്ടിലൂടെ ഊർന്നിറങ്ങിയ മലവെള്ളത്തിന്റെ സഞ്ചാരപാതയുടെ ഭയനാക ദൃശ്യം മാത്രമാണ് ബാക്കി. പ്രകൃതിയുടെ മടിത്തട്ടായ, മലബാറിലെ മൂന്നാർ എന്നറിയപ്പെടുന്ന മേപ്പാടി മേഖലയിൽ മുന്നു ദിവസം മുമ്പു വരെ ഉണ്ടായിരുന്ന കാഴ്ചകളൊന്നും ബാക്കിയില്ല. ഈ നാടിന്റെ വിലാസം ഇനി 'മൃതിയുടെ താഴ് വര' എന്നു മാത്രം. ഒരു പച്ചപ്പുപോലും അവശേഷിക്കാതെ മരണത്തിന്റെ കരിമ്പടം പുതച്ചിരിക്കുന്നു.
വയനാട്ടിലെ പ്രധാന ജനവാസ കേന്ദ്രങ്ങളായ ചൂരൽമലയിലും മുണ്ടക്കൈയിലും പുഴയും വഴിയും ഒന്നായി മാറി. ഏതാണ് വഴി. ഏതാണ് പുഴ. ആർക്കുമറിയാത്ത സ്ഥിതി. ആളുകൾ തിങ്ങിപ്പാർത്തിരുന്ന ജനവാസ കേന്ദ്രമായിരുന്നു എന്നതിന്റെ ഒരു അടയാളവും ഇപ്പോഴില്ല. മുണ്ടക്കൈ ടൗണിൽ ബാക്കിയുള്ളത് ഒരു കെട്ടിട ഭാഗം മാത്രം. സമീപത്തുണ്ടായിരുന്ന മുസ്ലിം പള്ളിയും പ്രദേശത്തിന്റെ വിലാസമായ പോസ്റ്റോഫീസും കാണാനില്ല. ദുരന്തത്തിലകപ്പെട്ട് പൂർണരൂപത്തിലും അംഗഭംഗങ്ങളോടെയും ഇതുവരെ കണ്ടെത്തിയത് മുന്നൂറോളം മൃതദേഹങ്ങളാണ്. മണ്ണിനടിയിൽ അകപ്പെട്ടവർ എത്രയെന്ന് അറിയില്ല.
കൂറ്റൻപാറകളും കെട്ടിടാവശിഷടങ്ങളും മരത്തടികളും ചെളിയും മണ്ണും മാറ്റി ഇനി കണ്ടെത്തണം അവരെ. ഉറ്റവരെ പ്രതീക്ഷിച്ച് രക്ഷാ ദൗത്യത്തിൽ കണ്ണു നട്ടിരിക്കുകയാണ് പലരും. കാത്തിരിപ്പിനിടെ ഇടയ്ക്കിടെ ഉയരുന്ന കൂട്ടനിലവിളി. ഒരു മൃതശരീരംകൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അപ്പോൾ മനസിലാക്കാം.
മണ്ണിനടയിൽ മനുഷ്യ ശരീരം തിരയുന്ന യന്ത്രക്കൈകളാണ് ചുറ്റും. കുന്ന് ഇടിച്ചും മല തുരന്നും മരം പിഴുതും മനുഷ്യർ കൈയ്യേറ്റത്തിനുപയോഗിച്ച അതേ യന്ത്രക്കെകൾ തന്നെ. ചൂരൽമല, മുണ്ടക്കെ മേഖലയിലെ ഏകദേശം മുഴുവൻ വീടുകളും തുടച്ചുമാറ്റപ്പെട്ടു. നാനൂറിലേറെ വീടുകളുണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ചൂരൽ മലയിലാണ് കൂടുതൽ വീടുകൾ. മുണ്ടക്കൈയിൽ പാടികളാണ് കൂടുതൽ.ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളാണത്. ചെറിയ മൂന്നു മുറികളാണ് ഒരു കുടുംബത്തിനുണ്ടാകുക. എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി കമ്പനി നിർമ്മിച്ചു നൽകുന്നതാണ് പാടികൾ. ഇനി ചുരുക്കം വീടുകൾ മാത്രമാണ് രണ്ടുമേഖലകളിലുമായി അവശേഷിക്കുന്നത്. അതും വാസയോഗ്യമല്ലാത്ത നിലയിൽ.
നാളേക്ക് കരുതി വച്ച അരിയും ഭക്ഷണവും പാത്രങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങൾ. ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, ഉടമകളെ നഷ്ടപ്പെട്ട് അലഞ്ഞുനടക്കുന്ന കന്നുകാലികൾ, വളർത്തുനായ്ക്കൾ... എങ്ങും കരളലിയിക്കുന്ന കാഴ്ചകൾ മാത്രം.രക്ഷപ്പെട്ടവർക്ക് പ്രാണൻ മാത്രമാണ് ലഭിച്ചത്. സ്വരൂകൂട്ടിയതൊക്കെ നഷ്ടമായി. മരണ ഭീതിയുമായി കഴിയാൻ ഇനി അവർ ആ മണ്ണിലേക്ക് തിരിച്ചുപോയേക്കില്ല.
ഉരുൾ പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇതുവരെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. ഇവിടുത്തെ ലയങ്ങളിൽ താമസിച്ചിരുന്നവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. റേഷൻ കാർഡുകളിൽ ചേർത്തിരിക്കുന്ന പേരുകൾ തപ്പിയെടുത്ത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും എണ്ണം തിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
ഛിന്നഭിന്നമായതും തിരിച്ചറിയാൻ പറ്റാത്തതുമായ മൃതശരീരങ്ങൾ അനാഥമായി കിടക്കുകയാണ്. ഇനിയും കാത്തിരിക്കുന്നവർക്ക് മുന്നിൽ ഡിഎൻ.എ പരിശോധനയാണ് അവസാന പോംവഴി. ഭീതിയുടെ കരിനിഴലിൽ കോടമഞ്ഞ് കൂടി വീഴുമ്പോൾ എങ്ങും ഇരുട്ട്. ജീവിതത്തിന്റെ പകൽ ഇനി എന്ന് ഉദിക്കാൻ.