kwari
ഏഴാംമൈലിലെ ക്വാറിയില്‍ കരിങ്കല്ലുകള്‍ കൂട്ടിയിട്ട നിലയില്‍

കാഞ്ഞങ്ങാട്: മഴ കനക്കുമ്പോൾ ആധിയോടെ കഴിയുകയാണ് ഒരു ഗ്രാമത്തിലെ ജനങ്ങൾ. കോടോം ബേളൂർ പഞ്ചായത്തിൽപ്പെട്ട ഏഴാംമൈൽ തട്ടുമ്മൽ പാലെകൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ക്രഷർ യൂണിറ്റാണ് അപകട ഭീഷണിയുയർത്തുന്നതായി നാട്ടുകാർ പറയുന്നത്. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്രഷർ യൂണിറ്റിൽ ഭാരമേറെയുള്ള കരിങ്കല്ലുകൾ 250 മീറ്റർ ഉയരത്തിൽ കൂട്ടിയിടുന്നത് ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

തലവയൽ, ഏറാടി, ബേളൂർ, കുന്നുവയൽ എന്നീ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്. ചെറിയ രീതിയിൽ ആരംഭിച്ച ക്രഷർ പിന്നീട് കുന്നിൻമുകളിലെ ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുത്ത് കുന്നിടിച്ച് നിരപ്പാക്കിയ ശേഷമാണ് പ്രവർത്തനം വിപുലീകരിച്ചത്. ഈ സ്ഥലത്ത് ഒരുലക്ഷത്തോളം ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ടാങ്ക് നിർമ്മിച്ചതും പ്രദേശവാസികളിൽ ഭീതിയുയർത്തുന്നു. ഇവരുടെ തന്നെ മറ്റൊരു സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ വൻ കരിങ്കല്ലുകൾ ജെ.സി.ബി ഉപയോഗിച്ച് പൊടിക്കാനുള്ള യന്ത്രത്തിൽ ഇടുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ഭൂമിയുടെ കുലുക്കവും കിലോമീറ്റർ വരെ അനുഭവപ്പെടുന്നുണ്ട്.

മഴകനക്കുമ്പോൾ പ്രദേശത്തേക്ക് മഴവെള്ളത്തോടൊപ്പം കുന്നിടിച്ച് നിരത്തിയ സ്ഥലത്തെ മണ്ണും മരങ്ങളും കടപുഴകി ചെറിയചാലുകളിലൂടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതും അപകടം വിളിച്ചുവരുത്തുകയാണ്. ഇവിടെ മറ്റൊരു വയനാട് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ അധികാരികൾക്ക് മൂന്ന് വർഷം മുമ്പു തന്നെ പരാതി നൽകിയിരുന്നു. ഇതുവരെ അധികൃതർ വേണ്ട നടപടികൾ എടുത്തിട്ടില്ല.

പ്രദേശവാസികൾ