കൽപ്പറ്റ: 'ഞങ്ങളായിരുന്നു ക്ലാസിലെ ഒരു ടീം''-മരണത്തിന്റെയോ നഷ്ടങ്ങളുടെയോ ആഴവും അർത്ഥവും തിരിച്ചറിയാനുള്ള പ്രായമായില്ലെങ്കിലും പറയുമ്പോൾ അമർജിത്തിന്റെ തൊണ്ടയിടറി. ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അമർജിത്ത്. ഉറ്റകൂട്ടുകാരായ സഹൽ അശോക്, ഷൗക്കത്ത്, അദിനാൻ യൂസഫ് എന്നിവരെയാണ് അമർജിത്തിന് നഷ്ടപ്പെട്ടത്. ഇഴപിരിയാത്ത കൂട്ടുകാരനായി അഞ്ചാം ക്ലാസിലെ അദ്വേകും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. കളിചിരികളൊന്നുമില്ലാതെ ഒരുമിച്ചിരിക്കുകാണ് രണ്ടുപേരും. ഒരുമിച്ച് നടക്കും. ഒരുമിച്ച് ഭക്ഷണം കഴിക്കും.
അമർജിത്തിന്റെ ചെറിയച്ഛന്റെ മകൻ അശ്വിന്റെ ജീവൻ ദുരന്തത്തിൽ നഷ്ടപ്പെട്ടിരുന്നു. ഒമ്പതുപേരെയാണ് അമർജിത്തിന്റെ കുടുംബത്തിന് നഷ്ടമായത്. പിതാവ് സതീഷും അമ്മ ബീനയും മൂത്ത സഹോദരൻ അമർനാഥും ക്യാമ്പിലുണ്ട്. ദുരന്തത്തിന്റെ നേർസാക്ഷ്യമായി നിലകൊള്ളുകയാണ് വെള്ളാർമല സ്‌കൂൾ. മലവെള്ളം തടഞ്ഞുനിറുത്തി ഒരു സംരക്ഷണ ഭിത്തിപോലെ ഈ സ്കൂൾ കെട്ടിടം തലയുയർത്തി നിൽക്കുകയാണ്. കൂറ്റൻ കരിങ്കല്ലുകളും മരത്തടികളുമാണ് സകൂൾ പരിസരം നിറയെ.
വേഗം രക്ഷപ്പെട്ടോ കുട്ടികളേ
പ്രകൃതിയെക്കുറിച്ച് ഒരു കുഞ്ഞുമനസിൽ തോന്നിയ ആശങ്കയാണ് ലയ കഴിഞ്ഞ വർഷം വെള്ളാർമല സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ' വെള്ളാരംകല്ലുകൾ' എന്ന ഡിജിറ്റൽ മാഗസിനിലെ ചെറുകഥയിൽ പങ്കുവയ്ക്കുന്നത്. 'കുളിരരുവിയുടെ തീരത്ത് ' എന്നു പേരിട്ട കഥയിൽ വരാൻ പോകുന്ന ഉരുൾപൊട്ടലിന്റെ മുന്നറിയിപ്പുമായി ഒരു കിളിയെത്തുന്നുണ്ട്. കിളി പറഞ്ഞു. ''ആപത്തു വരാൻ പോകുന്നുണ്ട് കുട്ടികളേ ..നിങ്ങൾ വേഗം രക്ഷപ്പെട്ടോ'' പണ്ട് ഉരുൾപൊട്ടലിൽ മരിച്ച ഒരു പെൺകുട്ടിയുടെ ആത്മാവായിരുന്നു ആ കിളി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് സോഷ്യൽ മീഡിയയിൽ ഈ കഥയെ പരാമർശിച്ച് കുറിപ്പ് പങ്കുവച്ചു. ലയ സേഫ് ആണെന്നും കുട്ടിക്ക് ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നെഞ്ചുപൊട്ടി അദ്ധ്യാപകർ
കാണാതായ കുട്ടികളുടെ പേര് പറഞ്ഞ് വിങ്ങുകയാണ് നരിക്കുനി സ്വദേശിയായ അദ്ധ്യാപകൻ അൻവർ സാദിഖ്. സ്വദേശമായ ആലപ്പുഴയിലേക്ക് പോയിരുന്നതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ വിങ്ങിപ്പൊട്ടിയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ''ഞാൻ പഠിപ്പിച്ച മക്കളും അവരുടെ രക്ഷിതാക്കളുമാണ് മരിച്ചുവീണത്.. എല്ലാം എന്റെ പ്രിയപ്പെട്ടവർ''നെഞ്ചുപൊട്ടി ഉണ്ണിമാഷ് പറഞ്ഞു. സ്‌കൂളിനടുത്തുള്ള ഷീറ്റ് മേഞ്ഞ കെട്ടിടത്തിലായിരുന്നു ഉണ്ണിമാഷും രണ്ട് സഹപ്രവർത്തകരും താമസിച്ചിരുന്നത്.