കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ട് അപകട ഭീഷണിയുള്ള സാഹചര്യത്തിൽ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം പ്രദേശവാസികളായ എട്ട് കുടുംബങ്ങളെ പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ബാക്കിയുള്ള 12 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും മാറി.
കനത്ത മഴയിൽ സെമിനാരിവില്ലയിലെ എസ്‌റ്റേറ്റിലാണ് ഭൂമിയിൽ വലിയ വിള്ളൽ രൂപപ്പെട്ട് റോഡ് ഉൾപ്പെടെയുള്ള ഭൂമി ഒരു മീറ്ററോളം താഴ്ന്നത്. സോയിൽ പൈപ്പിംഗ് പ്രതിഭാസമാകാം എന്നതിനാൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
ഉപരിതല പാളിയിൽ നിന്നും ഒരടിയോളം നിരങ്ങി ഒരു മീറ്ററോളം ഭൂമി താണിട്ടുണ്ട്. മൂന്ന് ഏക്കറോളം സ്ഥലത്താണ് ഇത്തരത്തിൽ വിള്ളൽ രൂപപ്പെട്ടത്. അസി. കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.