nandana
നന്ദന

തലശേരി: വയനാട് ദുരന്തത്തിനിരയായ ദമ്പതികളിൽ മാഹി സ്വദേശി പാർത്ഥന്റെ ഭാര്യ ഉച്ചമ്പള്ളി നന്ദന (68)യുടെ മൃതദേഹവും കണ്ടെത്തി. മുണ്ടക്കൈ കോഫി എസ്റ്റേറ്റ് ഉടമയായ ഭർത്താവ് മാഹി സ്വദേശി പാർത്ഥന്റെ (75) മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. വൈകിട്ടോടെ നാട്ടിലെത്തിച്ച പാർത്ഥന്റെ മൃതദേഹം രാത്രിയിൽ തന്നെ സംസ്‌കരിച്ചു. നന്ദനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് തലശേരിയിലെത്തിച്ച് സംസ്കരിച്ചത്.

പി.കെ. പാർത്ഥൻ (75), ഭാര്യ നന്ദന (68)യ്ക്കൊപ്പം കഴിഞ്ഞ 50 വർഷത്തോളമായി വയനാട് മുണ്ടക്കയത്തെ കരുണാ സരോജം കോഫി എസ്റ്റേറ്റിലായിരുന്നു താമസം. പാർത്ഥന്റെ അച്ഛൻ കനോത്ത് കരുണാകരൻ വയനാട്ടിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഹെഡ് ക്ലർക്കായിരുന്നു. അച്ഛനോടൊപ്പമാണ് പാർത്ഥൻ വയനാട്ടിലെത്തിയത്. പിന്നീട് സ്വന്തമായി എസ്റ്റേറ്റ് ആരംഭിക്കുകയായിരുന്നു.

മക്കളായ ഹർഷ (എറണാകുളം), വൈഷ്ണ (കാനഡ) എന്നിവർ ഭർത്താക്കന്മാർക്കൊപ്പമാണ്. അർജുൻ (ബിസിനസ്), രാഹുൽ (കാനഡ) എന്നിവരാണ് മരുമക്കൾ. മഠത്തിൽ പ്രദീപ്, മഠത്തിൽ പ്രകാശ് എന്നിവരാണ് നന്ദനയുടെ സഹോദരങ്ങൾ. പാർത്ഥന്റെ തറവാട് വീടായ തലശ്ശേരി, ചേറ്റംകുന്ന് കരുണ സരോജത്തിൽ ഇപ്പോൾ പാർത്ഥന്റെ സഹോദരൻ പ്രസാദും കുടുംബവുമാണ് താമസം.