പാലക്കുന്ന്: വയനാട് ദുരിതാശ്വാസത്തിന് പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹായധനം പ്രസിഡന്റ് റഹ്മാൻ പൊയ്യയിൽ ജില്ലാ സെക്രട്ടറി കെ. സുകുമാരൻ നായർക്കു കൈമാറി. ചടങ്ങിൽ ജി.എൽ.ടി കോഡിനേറ്റർ വി. വേണുഗോപൽ, എം.ജെ.എഫ്. പി.വി മധുസൂദനൻ, സെക്രട്ടറി ആർ.കെ. കൃഷ്ണ പ്രസാദ്, കുമാരൻ കുന്നുമ്മൽ, മല്ലിക ഗോപാലൻ, കുഞ്ഞികൃഷ്ണൻ മാങ്ങാട്, പ്രമോദ് ശ്രീവത്സം, വാമനൻ കൊപ്പൽ, പി. രവീന്ദ്രൻ, രാജേഷ് ആരാധന എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: എടച്ചാക്കൈ എ.യു.പി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പടന്ന ഗ്രാമ പഞ്ചായത്ത് സമാഹരിക്കുന്ന വിഭവ ശേഖരത്തിലേക്ക് ആവശ്യ സാധങ്ങൾ കൈമാറി. സ്‌കൂൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കാൻ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, വാർഡ് മെമ്പർ വി.ലത, ഗ്രാമ പഞ്ചായത്തംഗം പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ വിദ്യാലയത്തിലെത്തി. സ്‌കൂൾ ഹെഡ് മാസ്റ്റർ ഇ.പി വത്സരാജൻ, അദ്ധ്യാപികമാരായ എം.ശോഭ, കെ.വി ജയശ്രീ, കെ.എൻ.സീമ, കെ.സെൽമത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ശരീഫ് മാടാപ്പുറം, മദർ പി.ടി.എ പ്രസിഡന്റ് പി.വി ഹബീബ സംബന്ധിച്ചു.
തലശ്ശേരി: വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തവുമായി ബോയ്സ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളും. ഹോം ലീഡർ ശ്രീകൃഷ്ണനും പരമേശ്വറും 30 ജോഡി വസ്ത്രങ്ങൾ തലശ്ശേരി സബ്കളക്ടർക്കു കൈമാറി.
സത്യസന്ധതയ്ക്ക് ലഭിച്ച പാരിതോഷികം
ദുരിതാശ്വാസ നിധിയിൽ നൽകി
കണ്ണൂർ: സത്യസന്ധതയ്ക്ക് ലഭിച്ച പാരിതോഷിക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശുചീകരണ തൊഴിലാളികൾ. കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളികളായ കെ.സജിത്ത്, പി.ശ്രീജ എന്നിവർക്ക് ഇന്നലെ ഉച്ചയ്ക്ക് 12.30ന് താളിക്കാവ് റോഡിൽ ശുചീകരണ തൊഴിലിനിടയിലാണ് 40,000 രൂപയും പാസ്ബുക്കും അടങ്ങിയ ബാഗ് ലഭിച്ചത്. ഈ ബാഗ് കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഏൽപിച്ചു. പാസ്ബുക്കിലെ വിലാസവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പൊതുവാച്ചേരി സ്വദേശി കെ. ശ്രീധരന്റെയാണ് പണമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വിളിച്ച് വരുത്തി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.സുധീർബാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ആർ.സന്തോഷ്‌കുമാർ, എം. ജുനാറാണി എന്നിവർ പണം ശ്രീധരന് കൈമാറി. തൊഴിലാളികളുടെ സന്മനസ് തിരിച്ചറിഞ്ഞ് ശ്രീധരൻ ഇവർക്ക് 2000 രൂപ സ്‌നേഹസമ്മാനമായി നൽകി. എന്നാൽ ഇവർ ഈ പണം വേണ്ടെന്ന് അറിയിച്ചപ്പോൾ ആരോഗ്യ വിഭാഗം ഈ പണം വയനാട് ദുരിതാശ്വാസത്തിന് നൽകാൻ അഭ്യർത്ഥിക്കുകയായിരുന്നു.