kandal
കണ്ടൽക്കാട്

കണ്ണൂർ:പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ ഏറെ ശേഷിയുള്ള കണ്ടൽക്കാടുകളുടെ സംരക്ഷണം ശക്തമാക്കണമെന്ന് ആവശ്യം.

നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ളത് കണ്ണൂർ ജില്ലയിലാണ്. 810.75 ഹെക്ടർ ആണ് ജില്ലയിലെ കണ്ടൽകാട് വിസ്തൃതി. കണ്ടൽകാടുകളിൽ അധികവും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലായതിനാൽ നശിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഏക്കറിന് നാലായിരം രൂപ ഇവർക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതിയുണ്ടെങ്കിലും കാര്യക്ഷമമല്ല.

കണ്ടൽ നശീകരണം തടയാനും കാടുകളുടെ സംരക്ഷണത്തിനുമായി 2006-07 വർഷം വനം വകുപ്പ് കൺസർവേഷൻ ആന്റ് മാനേജ്‌മെന്റ് ഓഫ് മാംഗ്രോവ്സ് പദ്ധതി മുതൽ നടപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം വേമ്പനാട്, കണ്ണൂർ മേഖലകളിൽ കണ്ടൽ സംരക്ഷണ പ്രവൃത്തികൾ നടത്തിവരുന്നുമുണ്ട്. എന്നാൽ ഇതെ സമയം കണ്ടൽക്കാടുകൾക്ക് നേരെയുള്ള കൈയേറ്റങ്ങളും വ്യാപകമാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് കണ്ടൽ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ ജില്ലയിൽ പലയിടങ്ങിലും സ്വകാര്യ വ്യക്തികൾ വൻ തോതിൽ കണ്ടൽകാടുകൾ വെട്ടിനിരപ്പാക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ കണ്ടൽക്കാട് വിസ്തൃതി 1798.5 ഹെക്ടർ

സ്വകാര്യവ്യക്തികളുടെ പക്കൽ 792.28 ഹെക്ടർ

സർക്കാർ 550.84 ഹെക്ടർ

ഉടമസ്ഥത തീരുമാനമാക്കാതെ 274.99 ഹെക്ടർ

ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ പക്കൽ

സംസ്ഥാനത്ത് ആകെ കണ്ടൽകാടുകളുടെ ഭൂരിഭാഗവും നിലവിൽ സ്വകാര്യമേഖലയിലാണെന്നാണ് കണക്ക്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി രണ്ട് വർഷം മുമ്പ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 1000 സ്‌ക്വയർ മീറ്റന് മുകളിൽ വിസ്തൃതിയുള്ള കണ്ടൽകാടുകൾ 1798.5 ഹെക്ടർ ആണ്. ഇതിൽ സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത് 792.28 ഹെക്ടർ ആണ്. സർക്കാരിന്റ കൈവശം 550.84 ഹെക്ടർ ആണുള്ളത്. സർക്കാരിന്റെയും സ്വകാര്യവ്യക്തിയുടെയും സംയുക്തമായി കൈവശമുള്ളത് 180.14 ഹെക്ടർ കണ്ടൽവനമാണ്. ഏത് പരിധിയിൽപ്പെടുമെന്ന് തീരുമാനമാകാത്ത 274.99 ഹെക്ടർ കണ്ടൽവനങ്ങളും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് രണ്ടാമതായി കണ്ടൽ കാടുകൾ കൂടുതലുള്ള എറണാകുളം ജില്ലയിൽ 437.40 ഹെക്ടർ വിസ്തൃതിയുള്ള കണ്ടൽകാടുകളാണുള്ളത്.

സുനാമിയേയും തടഞ്ഞ കണ്ടൽ

മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടൽ കാടുകൾ ദേശാടന പക്ഷികൾക്കും ജല പക്ഷികൾക്കും ആവാസമൊരുക്കുന്നു.കൂടാതെ മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നു. തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപം പിച്ചാവരം, മുത്തുപേട് എന്നീ സ്ഥലങ്ങൾ സുനാമി ദുരന്തത്തിൽ നിന്നും ഒഴിവായത് അവിടെയുള്ള കണ്ടൽ കാടുകൾ മൂലമാണ്. കണ്ടലിന്റെ വേരുകൾ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചുനിർത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ച് ശുദ്ധമാക്കുകയും ചെയ്യുന്നു.കോറൽ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകൾ വിവിധ പ്രദേശങ്ങളെ പിടിച്ചുനിർത്തുക കൂടി ചെയ്യുന്നുണ്ട്.