bio-medical

കണ്ണൂർ: ആശുപത്രികളിൽ ബയോ മെഡിക്കൽ മാലിന്യം കൃത്യമായി സംസ്കരിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ സ്ക്വാഡ് രൂപീകരിക്കും. ഇതുസംബന്ധിച്ചുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇൻ ചാർജ് ബി.രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രികളിൽ ദ്രവമാലിന്യ സംസ്‌കരണ യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് സ്ക്വാഡ് ഉറപ്പു വരുത്തണം. എല്ലാ ആശുപത്രികളും ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ച് വാർഷിക റിപ്പോർട്ട് കൃത്യമായി മലിനീകരണ നിയന്ത്രണ ബോർഡിലേയ്ക്ക് അയക്കണമെന്നും യോഗം നിർദേശിച്ചു. ഗാർഹിക ബയോ മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.