logo-

കാസർകോട്: ബളാൽ മുത്തപ്പൻമലയിൽ ക്വാറി നടത്തിപ്പുകാർ നിർമ്മിച്ച കൃത്രിമ ജലസംഭരണി വറ്രിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉത്തരവിട്ടു.കനത്തമഴയിൽ ദുരന്തം വരാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി കേരളകൗമുദി ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ച 'കാസർകോട് പേടിക്കണം മലനിരകളെ' എന്ന വാർത്തയ്ക്ക് പിന്നാലെയാണ് സബ് കളക്ടറും സംഘവും ഇന്നലെ ഉച്ചയോടെ ബളാൽ പഞ്ചായത്തിലെ അപകടസാദ്ധ്യത ഏറെയുള്ള മുത്തപ്പൻ മലയിലെത്തിയത്.

വിശദമായ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഉത്തരവിടുകയായിരുന്നു.

ഡെവൻ റോക്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൃത്രിമ ജലസംഭരണി വറ്റിക്കേണ്ടത്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ, വെള്ളരിക്കുണ്ട് എസ് എച്ച്. ഒ, ബളാൽ വില്ലേജ് ഓഫീസർ എന്നിവർ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത 223 വകുപ്പ് പ്രകാരം പിഴ ചുമത്തുമെന്നും ഉത്തരവിലുണ്ട്.

രാവിലെ ബളാൽ വില്ലേജ് ഓഫീസറിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയതിനു ശേഷമാണ് സബ് കളക്ടർ മുത്തപ്പൻ മല സന്ദർശിച്ചത്. മുത്തപ്പൻ മലയുടെ മുകൾ ഭാഗത്തായി ഏക്കർ കണക്കിന് വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ക്വാറി

അധികൃതരുടെ നിലപാട് മൂലം മലയിടിച്ചലിന് സാദ്ധ്യത കൂടുതലാണെന്നും അങ്ങനെ സംഭവിച്ചാൽ ബളാൽ ടൗൺ അടക്കം മലയുടെ താഴ്വാരാത്ത് താമസിക്കുന്ന മുഴുവൻ കുടുംബങ്ങളും സ്ഥാപനങ്ങളും ഇല്ലാതാകുമെന്നും കണ്ടെത്തി.

എറണാകുളം സ്വദേശികൾ നടത്തുന്ന ക്വാറി അധികൃതർ തൊട്ടുതാഴെയായി നിർമ്മിച്ച കൃത്രിമ ജലസംഭരണി കനത്ത മഴയിൽ നിറഞ്ഞാൽ സമ്മർദ്ദം കാരണം തൊട്ടടുത്ത തോട്ടിലേക്ക് ഒഴുകി ഉരുൾപൊട്ടലിന് സമാനമായ അപകടം ഉണ്ടാകുമെന്നാണ് നിരീക്ഷണം. മലയുടെ മുകളിൽ നിന്ന് ഒഴുകിവരുന്ന നീരുറവ കനാൽ പോലെ കെട്ടിയുയർത്തി അതിൽ സംഭരിക്കുകയായിരുന്നു ഉടമകൾ. സംഭരണിയിൽ നിറയുന്ന വെള്ളം തോട്ടിലേക്ക് ഒഴുകി പോകുന്നുണ്ട്. എന്നാൽ സ്ഥിരമായി മഴപെയ്യുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് ഭീതിജനകമാണെന്ന് നാട്ടുകാർ പറയുന്നു.

വെള്ളം ഒഴുക്കി വിടാൻ നിർമ്മിച്ച സാധാരണ ഡ്രൈനേജ് കൊണ്ടൊന്നും ഒഴുക്കിന്റെ ശക്തി കുറക്കാൻ കഴിയില്ല. വെള്ളം വറ്റിക്കുന്നതിന് ഹൈപ്പവർ പമ്പ് സ്ഥാപിക്കാനും സബ് കളക്ടർ നിർദ്ദേശം നൽകി.

മുമ്പ് ക്വാറിയിലേക്ക് പോകുന്നതിന് ചെറിയ റോഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സഹായത്തോടെ കള്ളാർ ഭാഗത്ത് നിന്ന് വിസ്തൃതിയുള്ള റോഡ് നിർമ്മിച്ചിട്ടുണ്ട്. ദേശീയപാത നിർമ്മാണത്തിന് അടക്കം കല്ലുകൾ ഇറക്കുന്നത് മുത്തപ്പൻ മലയിലെയും കോളിയാറിലെയും ക്വാറികളിൽ നിന്നാണ്. ദിവസേന 70 ഓളം ലോഡ് മുത്തപ്പൻ മലയിൽ നിന്ന് കൊണ്ടുപോകുന്നുണ്ട്. എന്നാൽ യാതൊരുവിധ സുരക്ഷ നടപടികളും സ്വീകരിക്കാതെയാണ് ഇത് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷവും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ക്വാറിക്കെതിരെ രംഗത്തു വന്നിരുന്നു. റവന്യൂ അധികൃതരുടെ ഉത്തരവുപ്രകാരം ഇടിഞ്ഞുവീണ മണ്ണ് പൂർണമായും ഉടമകൾ നീക്കിയിരുന്നു.

മുത്തപ്പൻ മലയിൽ സ്ഥിതി ഗുരുതരമാണെന്ന് ബോദ്ധ്യപ്പെട്ടു. ജലസംഭരണിയിലെ വെള്ളം മുഴുവൻ വറ്റിക്കാൻ പറഞ്ഞിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശത്ത് നിലവിൽ സ്വീകരിക്കുന്ന നടപടികൾ ഒന്നും തൃപ്തികരമായി തോന്നിയിട്ടില്ല. സുരക്ഷാക്രമീകരണങ്ങൾ പാലിക്കുന്നതിനാണ് നിയമപ്രകാരമുള്ള ഉത്തരവ് ഇറക്കുന്നത്.

-സൂഫിയാൻ അഹമ്മദ് ( സബ് കളക്ടർ കാഞ്ഞങ്ങാട് )