കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം ജില്ലയിൽ ലഭിച്ചത് റെക്കോർഡ് മഴ. 2009 ജൂലായ് മാസത്തിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ അളവാണിത്. ജൂലായ് ഒന്നുമുതൽ 31 വരെ 1419.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത് .908.2 മില്ലിമീറ്റർ മഴയാണ് കണ്ണൂരിൽ ആകെ ലഭിക്കേണ്ടത്. ഇക്കുറി 56 ശതമാനം അധികം മഴ ലഭിച്ചു. കണ്ണൂരിനോട് തൊട്ടടുത്തുള്ള മാഹിയിലും ഇക്കുറി മഴയുടെ അളവ് വർദ്ധിച്ചു.838.9 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് മാഹിയിൽ 1256.4 മി.മി മഴയാണ് ജൂലായിൽ ലഭിച്ചത്.
ജില്ലയിലെ അയ്യങ്കുന്ന്, കൊട്ടിയൂർ, പയ്യാവൂർ, മാലൂർ, നെടുപൊയിൽ, പഴശി, മാങ്ങാട്ടുപറമ്പ്, ആറളം, തില്ലങ്കേരി, കണ്ണവം, തളിപ്പറമ്പ്, കണ്ണൂർ, കണ്ണൂർ വിമാനത്താവളം, ചെറുതാഴം, ആലക്കോട്, പിണറായി, വെള്ളച്ചാൽ, മുണ്ടേരി, തലശേരി, ചെമ്പേരി എന്നിവിടങ്ങൾ കഴിഞ്ഞമാസം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളാണ്. ജൂലായിൽ സംസ്ഥാനത്ത് 16 ശതമാനം അധിക മഴ രേഖപ്പെടുത്തിയിട്ടുണ്ട്.ഇടുക്കി, ആലപ്പുഴ, എറണാകുളം ഒഴികെയുള്ള ജില്ലയിലെല്ലാം കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്.
ജൂലായിൽ കണ്ണൂരിൽ കൂടിയ മഴ ലഭിച്ച പ്രദേശങ്ങൾ
അയ്യങ്കുന്ന് 1915 മി.മി.
കൊട്ടിയൂർ1790.4
പയ്യാവൂർ 1741.1
മാലൂർ 1730.8
നെടുപൊയിൽ 1581.4
മാങ്ങാട്ടുപറമ്പ് 1555.8
പഴശി 1520.6
ആറളം 1477.5
സംസ്ഥാനത്തെ കൂടിയ അളവ്
ഇക്കുറി കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും കണ്ണൂരിലാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 200 സെന്റിമീറ്ററിൽ കൂടുതൽ മഴയാണ് കണ്ണൂരിൽ മാത്രം ലഭിച്ചത്. 22 ശതമാനം അധികമഴയാണിത്.787 മില്ലി മീറ്റർ സാധാരണ മഴ ലഭിക്കേണ്ടിടത്ത് 2176 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 15 ശതമാനം അധിക മഴ ലഭിച്ച പാലക്കാടാണ് രണ്ടാമത്.അതെസമയം ഇടുക്കിയിലും എറണാകുളത്തും മഴ കുറവാണ്. ഇടുക്കിയിൽ 25 ശതമാനവും എറണാകുളത്ത് 22 ശതമാനവുമാണ് കുറവ്.