തലശ്ശേരി: കടൽ ഭിത്തികൾ തകർത്ത് കടലെടുക്കുന്ന ചാലിലെ ഇന്ദിരാ ഗാന്ധി പാർക്കിനെ സംരക്ഷിക്കാൻ സർക്കാർ 25 ലക്ഷത്തിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഇറിഗേഷൻ വകുപ്പ് ഇവിടെ പുതുതായി കരിങ്കൽ ഭിത്തികെട്ടും. പാർക്കിന്റെ പകുതിയിലേറെ ഭാഗത്ത് കരയിടിഞ്ഞ നിലയിലാണുള്ളത്.
തീർത്തും അപകടാവസ്ഥയിലാണ് തീരമുളളത്. വേനലിലെ വേലിയിറക്ക സമയങ്ങളിൽ മണൽ കടത്ത് സംഘങ്ങൾ തീരത്ത് നിന്നും ടൺ കണക്കിന് പൂഴി വാരിക്കടത്തിയതാണ് ഇന്ദിരാ പാർക്കിന്റെ മഴക്കാല ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാലവർഷത്തിലെ പതിവ് കടൽക്ഷോഭം ഈയ്യിടെ രൂക്ഷമായിട്ടുണ്ട്. ഇതോടെ പാർക്കിലും തീരത്തും പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
1984 ലാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓർമ്മയ്കായി ദേശവാസികൾ മുൻ കൈയെടുത്ത് കടലോരത്ത് പാർക്ക് സ്ഥാപിച്ചത്. നഗരസഭ പിന്നീട് ഇവിടെ ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിച്ചു. ഇതോടെ ഇവിടെ ഇരുന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാൻ ആളുകൾ കുടുംബ സമേതം വരാറുണ്ട്. കടൽപ്പാലം തൊട്ട് ധർമ്മടം ദ്വീപ് വരെ നീളുന്ന സായംകാലത്തെ കാഴ്ചകൾ കണ്ണിനും കരളിനും കുളിരേകുന്നതാണ്.