കണിച്ചാർ: 2022 ൽ കണിച്ചാർ പൂളക്കുറ്റിയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന നിടുംപുറംചാൽ സ്വദേശി ഐസക്ക് ഭാര്യക്കും മൂന്ന് മക്കൾക്കും ഒപ്പം ഇന്നും താമസിക്കുന്നത് വാടകവീട്ടിൽ.സർക്കാർ നൽകിയ നഷ്ടപരിഹാരം പുത്തൻ വീട് വെക്കുന്നതിന് തികയില്ലെന്നതാണ് ഈ കുടുംബം നേരിടുന്ന പ്രതിസന്ധി.
ഉരുൾപൊട്ടലിൽ വീടിനൊപ്പം കൃഷിഭൂമിയും കൃഷിയുമെല്ലാം നഷ്ടപ്പെട്ടു.കൂലിപ്പണിയും പശുവളർത്തലുമായിരുന്നു ഐസക്കിന്റെ ഉപജീവനമാർഗം. മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യചെലവിനുമെല്ലാം പണം കണ്ടെത്തിയത് ഇങ്ങനെയായിരുന്നു.ഉരുൾപൊട്ടിയതോടെ നിടുംപുറംചാൽ നെല്ലാനിയിൽ സ്വന്തമായുള്ള സ്ഥലം വീട് വെക്കാൻ കൊള്ളാത്ത ഇടവുമായി. മറ്റൊരു സ്ഥലം ഇതിനായി കണ്ടെത്തേണ്ടതുമുണ്ട്.
വീടിനും കൃഷിക്കുമായി കിട്ടിയത് 3.93ലക്ഷം
വീടും കൃഷിയിടവും കൃഷിയുമെല്ലാം നഷ്ടമായ ഐസക്കിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയത് 3,93,000 രൂപയായിരുന്നു. ഇന്നത്തെ കാലത്ത് സ്ഥലം വാങ്ങാൻ പോലും ഈ തുക മതിയാകില്ല.നിലവിൽ നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്ന്
ഐസക്ക് പറയുന്നു. പ്രതിമാസം വാടക ഇനത്തിൽ നല്ലൊരു തുക നൽകേണ്ടിവരുന്നു. കൃഷിസ്ഥലവും കൃഷിയും നശിച്ചതിന്റെ കൂടി നഷ്ടപരിഹാരം അനുവദിച്ചാൽ ഇപ്പോഴത്തെ കഷ്ടപ്പാടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.