കാസർകോട്: കുമ്പളയിൽ സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ശ്രമം. കുമ്പള സർവീസ് സഹകരണ ബാങ്കിന്റെ പെർവാഡ് ശാഖയിലാണ് ശനിയാഴ്ച രാത്രി കവർച്ചാ ശ്രമം നടന്നത്. ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.

കെട്ടിടത്തിന്റെ സൈഡിലുള്ള ജനൽ കമ്പികൾ മുറിച്ച് മാറ്റിയാണ് കൊള്ളസംഘം അകത്ത് കടന്നത്. ബാങ്കിന്റെ തൊട്ടടുത്തുള്ള വെൽഡിംഗ് ഷോപ്പിൽ നിന്ന് എടുത്ത കട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ജനൽ കമ്പികൾ മുറിച്ച് മാറ്റിയത്. ഇലക്ട്രിക് കട്ടർ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് വെൽഡിംഗ് ഷോപ്പുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയെടുത്തത് ബാങ്കിൽ നിന്നു തന്നെയാണ്.

ബാങ്കിന് അകത്തും പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. പൊലീസ് നായ മണം പിടിക്കാതിരിക്കാനാണ് മുളക് പൊടി വിതറിയതെന്ന് സംശയിക്കുന്നു. കുമ്പള ഇൻസ്പെക്ടർ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ബാങ്കിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനൽ മുറിച്ചു മാറ്റിയ ഭാഗത്ത് ഫ്ളക്‌സ് ബോർഡ് വച്ച് മറച്ച് ഷട്ടർ അകത്ത് നിന്ന് പൂട്ടിയാണ് കൊള്ള സംഘം കവർച്ചക്ക് ശ്രമിച്ചത്. പണവും പണയ മുതലുകളും സൂക്ഷിച്ച ബാങ്കിന്റെ സ്ട്രോംഗ് റൂം കവർച്ച സംഘം തൊട്ടിട്ടേയില്ല. പൊലീസ് നായയും വിരലടയാള വിദഗ്ധരും ബാങ്കിനുള്ളിലെത്തി തെളിവുകൾ ശേഖരിച്ചു. കുമ്പള ഇൻസ്പെക്ടർക്ക് ഒപ്പം എസ്.ഐമാരായ കെ.ശ്രീജേഷ്, വി.കെ വിജയൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.

അടുത്ത മുറിയിൽ

സെക്യൂരിറ്റി ജീവനക്കാരൻ; സ്ട്രോംഗ് റൂം തൊട്ടില്ല

ബാങ്ക് പ്രവർത്തിച്ച കെട്ടിടത്തിന്റെ ജനൽ ഗ്രിൽസ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കവർച്ചാ സംഘം മുറിച്ചത് ഏറെ സമയമെടുത്താണ്. ഒരാൾക്ക് ബാങ്കിനുള്ളിലേക്ക് കയറാൻ വലുപ്പത്തിൽ ജനൽ കമ്പി മുറിച്ചു മാറ്റിയിരുന്നു. വലിയ ശബ്ദത്തോടെയാണ് ഗ്രില്ല് മുറിച്ചതെങ്കിലും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഫ്ലക്സ് ബോർഡ് വച്ച് മറച്ചാണ് ഗ്രില്ല് മുറിച്ചത്. വെളിച്ചം പുറത്ത് കാണാതിരിക്കാൻ ആണ് മറവ് ചെയ്തത്. ബാങ്ക് കവർച്ച 'ഓപ്പറേഷൻ' പകുതിക്കു വച്ച് സംഘം ഉപേക്ഷിച്ചു പോയത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. കവർച്ച നടത്താൻ എത്തിയ സംഘം സ്ട്രോംഗ് റൂം തൊട്ടുപോലും നോക്കാതെയാണ് സ്ഥലംവിട്ടത്. പകുതി ദൗത്യം പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച അവധി ആയതിനാൽ രാത്രി വീണ്ടും വരാം എന്ന് നിശ്ചയിച്ച് പോയതാണോ എന്നും സംശയിക്കുന്നുണ്ട്. സ്ഥലവുമായി നല്ല ബന്ധമുള്ളവർ ആകാം കവർച്ചക്കാരെന്നും പ്രൊഫഷണൽ സംഘമാണെന്ന് കരുതുന്നില്ലെന്നും സ്ഥലത്തെത്തിയ കുമ്പള ഇൻസ്പെക്ടർ കെ.പി.വിനോദ് കുമാർ പറഞ്ഞു. ആയുധങ്ങൾ ഒന്നും സംഘം പുറത്തുനിന്ന് കൊണ്ടുവന്നിട്ടില്ല. തൊട്ടടുത്ത വെൽഡിംഗ് ഷോപ്പിൽ നിന്ന് കട്ടർ ഉൾപ്പെടെ എടുത്തത് ഇതിന് തെളിവാണ്.