കാഞ്ഞങ്ങാട്: അക്കാഡമിക മുന്നേറ്റത്തിനും അദ്ധ്യാപക ശാക്തീകരണത്തിനുമായി റിസോഴ്സ് അദ്ധ്യാപകർക്കായി കെ.എസ്.ടി.എ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മികവ് 2024- അക്കാഡമിക മുന്നേറ്റ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ട്വിങ്കിൾ, ഗണിതം ലളിതം, നവാദ്ധ്യാപക പരിശീലനം, എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷാ പരിശീലനം, മാതൃകാപരീക്ഷകൾ, 10, 11, 12 ക്ലാസുകാർക്കായി വിദ്യാജോതി തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കും. ശില്പശാല മേലാങ്കോട്ട് എ.സി.കെ.എൻ.എസ്.ജി.യു.പി.എസ്സിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.എൻ സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു. ശ്യാമഭട്ട് അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതിയംഗം കെ. ഹരിദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും അക്കാഡമിക് സബ് കമ്മിറ്റി കൺവീനർ എം. സുനിൽകുമാർ നന്ദിയും പറഞ്ഞു.